ചിത്രകാരന്‍ എന്ന നിലയില്‍ മാത്രമല്ല, മനുഷ്യ സ്‌നേഹിയായ ഒരു വ്യക്തി എന്ന നിലയിലും യൂസഫ് അറയ്ക്കല്‍ പരിചയപ്പെടുന്ന എല്ലാവരുടെയും മനം കവര്‍ന്ന വ്യക്തിത്വമായിരുന്നു. ചിത്രകലയോട് തീവ്രമായ ആസക്തി തന്നെ അദ്ദേഹം വെച്ചുപുലര്‍ത്തിയിരുന്നു. സൗമ്യമായ പെരുമാറ്റവും പ്രസന്നമായ മുഖവും രൂപഭംഗിയും കലാകാരന്‍ എന്ന നിലയില്‍ വിജയിക്കാന്‍ അദ്ദേഹത്തെ സഹായിച്ചു എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. എപ്പോഴും മനുഷ്യന്റെ പക്ഷത്തായിരുന്നു യൂസഫ്. അദ്ദേഹത്തിന്റെ ചിത്രപരമ്പരകള്‍ തന്നെ അതിന് ഉദാഹരണമാണ്. വുമണ്‍, ചക്രം, നടപ്പാതകള്‍ തുടങ്ങിയ രചനകള്‍ ചിത്രാസ്വാദകരെ വളരെയധികം ആകര്‍ഷിച്ചു. നടപ്പാതകളില്‍ അദ്ദേഹം വരച്ചത് സാധാരണക്കാരുടെ ചിത്രങ്ങളായിരുന്നു. സാധാരണ ജീവിതത്തിന്റെ മോഹങ്ങളും ആകുലതകളും ആഹ്ലാദങ്ങളും എല്ലാം അദ്ദേഹം കാന്‍വാസില്‍ പകര്‍ത്തി. നടപ്പാതകളിലെ ഒരു ചിത്രത്തിനാണ് കേന്ദ്ര സര്‍ക്കാറിന്റെ സ്വര്‍ണമെഡല്‍ ലഭിച്ചത്. അതോടെയാണ് പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്ക് യൂസഫ് നടന്നുകയറിയത്.
നെയ്യാര്‍ ഡാമില്‍ നടന്ന ഒരു ചിത്രകലാ ക്യാമ്പില്‍ വെച്ചാണ് യൂസഫിനെ ആദ്യമായി പരിചയപ്പെടുന്നത്. പിന്നീട് ആ ബന്ധം ദൃഢമായി. ബംഗളുരുവില്‍ എപ്പോള്‍ പോയാലും യൂസഫിനെ കാണാറുണ്ട്. അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിക്കാതെ മടങ്ങാറില്ല.
വൈക്കം മുഹമ്മദ് ബഷീറിന്റെ ആരാധകനായിരുന്നു യൂസഫ്. ഒരിക്കല്‍ ബഷീറിനെ കാണാന്‍ വൈലാലില്‍ വന്നു. ബഷീറുമായി മണിക്കൂറുകളോളം സംസാരിച്ചു. അങ്ങനെയാണ് ബഷീര്‍ പരമ്പര അദ്ദേഹം വരക്കുന്നത്. പാത്തുമ്മയുടെ ആടും മറ്റും യൂസഫിന്റേതായി കാന്‍വാസില്‍ തെളിഞ്ഞത്. ഒരു വിഷയം കിട്ടിയാല്‍ അതില്‍ ആമഗ്നനാവുക എന്നത് യൂസഫിന്റെ രീതിയാണ്. കഥാകാരന്‍ എന്ന നിലയിലും മനുഷ്യന്‍ എന്ന നിലയിലും ബഷീറിന്റെ മുഴുവന്‍ കഴിവും കണ്ടറിഞ്ഞാണ് യൂസഫ് ചിത്രപരമ്പര തയാറാക്കിയത്. നടപ്പാത പരമ്പരയില്‍ രണ്ടു ചിത്രങ്ങളാണ് വരച്ചത്. അതില്‍ ഒന്ന് തിരസ്‌കരിക്കപ്പെട്ടു. ദേശീയ പതാക പുതച്ച് കിടന്നുറങ്ങുന്ന രണ്ടുപേരുടെ ചിത്രമായിരുന്നു തിരസ്‌കരിക്കപ്പെട്ടത്. ഇങ്ങനെ വിവാദത്തില്‍ ചെന്നു ചാടുന്നതും യൂസഫിനെ സംബന്ധിച്ചിടത്തോളം പുതുമയായിരുന്നില്ല.

131459576878
യൂറോപ്യന്‍ രാജ്യങ്ങളില്‍ ചിത്രം വരക്കുകയും പ്രദര്‍ശനം നടത്തുകയും ചെയ്തതിലൂടെയാണ് യൂസഫ് രാജ്യാന്തര ശ്രദ്ധ നേടുന്നത്. അതിനുള്ള എല്ലാ കഴിവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. കഴിഞ്ഞ ഇരുപത് വര്‍ഷത്തോളം അദ്ദേഹം യൂറോപ്യന്‍ രാജ്യങ്ങളിലാണ് പ്രദര്‍ശനവും വരയും നടത്തിയത്. ചിത്രകലയിലെ പുതിയ സാധ്യതകളും സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും യൂസഫിന് നന്നായി അറിയാമായിരുന്നു. ചിത്രകലയെ പരമാവധി സമകാലീനമാക്കാനാണ് അദ്ദേഹം യത്‌നിച്ചത്. യൂസഫിന്റെ കൊളാഷുകളും പോര്‍ട്രെയിറ്റുകളും ഒരേ പോലെ പ്രസിദ്ധി നേടി.

paper_reader_painting
ആദ്യ കാലത്ത് യൂസഫ് വരച്ചിരുന്നത് ചെറിയ കാന്‍വാസിലായിരുന്നു. പിന്നീട് ചിത്രങ്ങള്‍ വലിയ പ്രതലങ്ങളിലേക്ക് മാറി. വിദേശത്ത് പോകുമ്പോള്‍ ചിത്രങ്ങള്‍ ചുരുട്ടി കൊണ്ടുപോവുകയാണ് പതിവ്. അവിടെ ചെന്നശേഷം ഫ്രെയിമില്‍ ഉറപ്പിക്കും. കാന്‍വാസ് ഫ്രെയിമില്‍ സ്ഥാപിച്ചശേഷം വരക്കുന്നതും പതിവായിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യന്‍ ചിത്രകാരന്മാരുടെ അന്തസ്സ് വര്‍ധിപ്പിക്കാന്‍ അധ്വാനിച്ചു എന്നതാണ് യൂസഫിന്റെ പ്രസക്തി. വിദേശങ്ങളിലെ പ്രദര്‍ശനങ്ങളിലെല്ലാം മികച്ച സാന്നിധ്യമായി മാറാന്‍ യൂസഫിന് സാധിച്ചിരുന്നു. തന്റെ ചിത്രങ്ങള്‍ മാത്രമല്ല, മറ്റുള്ള ചിത്രകാരന്മാരുടെ രചനകളും ശ്രദ്ധിക്കപ്പെടണമെന്ന് യൂസഫ് ആഗ്രഹിച്ചിരുന്നു. വിദേശ രാജ്യങ്ങളില്‍ നടക്കുന്ന പ്രദര്‍ശനങ്ങളില്‍ മറ്റുള്ളവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാനും അദ്ദേഹം സമയം കണ്ടെത്തി. ഇന്ത്യന്‍ ചിത്രകലയെ വിദേശത്ത് പരിചയപ്പെടുത്തുന്നതില്‍ ഒരുതരം ആവേശം തന്നെ അദ്ദേഹം കാണിച്ചിരുന്നു. ചിത്രംവരച്ച് സ്വസ്ഥമായി ഇരിക്കുക എന്നതായിരുന്നില്ല യൂസഫിന്റെ ശൈലി. അത് മറ്റുള്ളവര്‍ക്ക് കാണിക്കണമെന്ന നിര്‍ബന്ധ ബുദ്ധി അദ്ദേഹത്തിന് ഉണ്ടായിരുന്നു. മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ സൗഹൃദം.

ya3
ഇന്ത്യയില്‍ അറിയപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ വിദേശ രാജ്യങ്ങളില്‍ അറിയപ്പെട്ടു എന്നതാണ് യൂസഫിന്റെ മഹത്വം. മലയാളിയാണെങ്കിലും കേരളക്കാര്‍ അദ്ദേഹത്തെ അത്രതന്നെ അറിഞ്ഞിട്ടുണ്ടാവില്ല. ചിത്രകലയിലെ മാസ്റ്റര്‍മാരുടെ ചിത്രങ്ങള്‍ വരച്ചുകൊണ്ടാണ് യൂസഫ് തന്റെ അവസാന രചന പൂര്‍ത്തിയാക്കിയത്.

yusuf-arakkal03
എല്ലാതരം പരീക്ഷണങ്ങള്‍ക്കും സദാ തയാറായിരുന്നു യൂസഫ്. ഇക്കാര്യത്തില്‍ എം.എഫ് ഹുസൈന്റെ ചിന്താഗതി പിന്തുടര്‍ന്ന കലാകാരനായിരുന്നു അദ്ദേഹം. ഹുസൈന്‍ പിക്കാസോയെ പിന്തുടര്‍ന്നതു പോലെയായിരുന്നു ഹുസൈന്‍-യൂസഫ് അപ്രോച്ച് എന്നു പറഞ്ഞാല്‍ തെറ്റാവില്ല. ഇന്ത്യന്‍ ചിത്രകലക്ക് ലോകമെങ്ങും മേല്‍വിലാസമുണ്ടാക്കിയ യൂസഫ് ഇത്രപെട്ടെന്ന് വിട്ടുപോകുമെന്ന് കരുതിയില്ല.