രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ സാമൂഹിക പ്രവര്‍ത്തകരെയും ബുദ്ധിജീവികളെയും ലക്ഷ്യമാക്കി നടക്കുന്ന പോലീസ് റെയ്ഡിനെതിരെ എഴുത്തുകാരി അരുന്ധതി റോയ്. ഇത്തരം നീക്കങ്ങള്‍ അത്യന്തം ആപത്കരമാണെന്നും അടിയന്തിരാവസ്ഥയ്ക്കു വളരെ അടുത്താണെന്നും അരുന്ധതി റോയ് ആരോപിച്ചു.

ദലിത് അവകാശ പ്രവര്‍ത്തകര്‍, ബുദ്ധിജീവികള്‍, കവികള്‍, അഭിഭാഷകര്‍ തുടങ്ങിയവരുടെ വീടുകളിലാണു പരിശോധന നടക്കുന്നത്. കൊലപാതകികളെ ആദരിക്കുകയും ആഘോഷിക്കുകയും ചെയ്യുകയാണ്. നീതിക്കു വേണ്ടിയോ ഹിന്ദു ഭൂരിപക്ഷവാദത്തിനെതിരെയോ ആരെങ്കിലും സംസാരിച്ചാല്‍ അവരെ കുറ്റവാളികളാക്കുന്നു. വരുന്ന തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പാണ് ഇതിന് പിന്നില്‍. ഇത്തരം കാര്യങ്ങള്‍ അനുവദിക്കരുത്. ഇതിനെതിരെ എല്ലാവരും ഒരുമിക്കണം. അല്ലെങ്കില്‍ നമ്മള്‍ ആസ്വദിക്കുന്ന സ്വാതന്ത്രം എല്ലാം നഷ്ടമാകും അരുന്ധതി റോയ് പറഞ്ഞു.