india

”ഇന്ത്യയുടെ ചീഫ് ജസ്റ്റിസാണ് ഞാന്‍. എന്നെ ഭയപ്പെടുത്തി ഇരുത്താന്‍ നോക്കേണ്ട”

By Chandrika Web

March 02, 2023

ഇന്ത്യയുടെ ചീഫ് ജസ്റ്റിസാണ് ഞാന്‍.. എന്ന് തുടങ്ങി കോടതിമുറിയെ വിറപ്പിച്ച ജസ്റ്റിസ് ചന്ദ്രചൂഡിനെ കാണുകയായിരുന്നു ഇന്ന് സുപ്രീംകോടതി. ഒരു കേസുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസിനോട് ഉറക്കെ സംസാരിച്ചതിനാണ് ഡി.വൈ ചന്ദ്രചൂഡ് ചൂടായത്. സുപ്രീംകോടതിക്ക് ലഭിച്ച 1.33 ഏക്കര്‍ ഭൂമി അഭിഭാഷകരുടെ മുറികള്‍ക്ക് വേണ്ടി കൈമാറണമെന്ന ഹര്‍ജി ഉടന്‍ കേള്‍ക്കണമെന്ന് അഭിഭാഷകനും സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റുമായ വികാസ് സിംഗ് ആവശ്യപ്പെട്ടപ്പോഴായിരുന്നു ജഡ്ജിയുടെ പരാമര്‍ശം. ഒരുവേള കോടതി മുറി സ്തബ്ധമായി. കഴിഞ്ഞ 22 കൊല്ലമായി താന്‍ ജഡ്ജിയാണെന്നും ആരെയും ഭയപ്പെട്ടിട്ടില്ലെന്നും ഇനിയുള്ള രണ്ടുവര്‍ഷവും അങ്ങനെയായിരിക്കുമെന്നും  മിണ്ടാതെ ഇറങ്ങിപ്പോകണമെന്നും ജസ്റ്റിസ് പറഞ്ഞു. ഇന്ന് തെര.കമ്മീഷണര്‍മാരെ നിയമിക്കാനുള്ള സമിതിയെ പ്രഖ്യാപിച്ച ബെഞ്ചില്‍ വിധി പറഞ്ഞ ദിനംകൂടിയായിരുന്നു സുപ്രീംകോടതിക്ക്. ഇതിനിടെയാണ് അഭിഭാഷകന്റെ ശബ്ദമുയര്‍ത്തിയുള്ള ആവശ്യം.