തുര്‍ക്ക്‌മെനിസ്താന്‍: ഏഷ്യന്‍ ഇന്‍ഡോര്‍ ആന്റ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ഗെയിംസില്‍ കേരളത്തിന്റെ പി.യു ചിത്രക്ക് സ്വര്‍ണം. വനിതകളുടെ 1500 മീറ്റര്‍ ഓട്ടത്തിലാണ് ചിത്ര ഒന്നാമതെത്തിയത്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീം തെരഞ്ഞെടുപ്പില്‍ തഴയപ്പെട്ട ശേഷം ചിത്രയുടെ ആദ്യ അന്താരാഷ്ട്ര ടൂര്‍ണമെന്റായിരുന്നു ഇത്. നാലു മിനിറ്റ് 27 സെക്കന്റിലാണ് ചിത്ര മത്സരം പൂര്‍ത്തിയാക്കിയത്. ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ സ്വര്‍ണം നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരിയാണ് ചിത്ര. നേരത്തെ ഒ.പി ജെയ്ഷയും സിനിമോള്‍ പൗലോസുമാണ് ഇന്ത്യക്കുവേണ്ടി സ്വര്‍ണം നേടിയത്.
മീറ്റില്‍ ഇന്ത്യക്കു ഇതുവരെ ഏഴു മെഡലാണ് സ്വന്തമാക്കാനായത്. മൂന്ന് സ്വര്‍ണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവുമുള്ള ഇന്ത്യ നിലവില്‍ എട്ടാം സ്ഥാനത്താണുള്ളത്.
വനിതകളുടെ ലോങ്ജംപില്‍ മലയാളി താരം വി.നീന വെങ്കലം നേടി. 6.04 മീറ്ററാണ് നീന ചാടിയത്.