കോവിഡിനെന്ന മഹാമാരിയുമായി യുദ്ധം ചെയ്യാന്‍ തുടങ്ങിയിട്ട് വര്‍ഷം ഒന്ന് കഴിഞ്ഞെങ്കിലും ഈ മഹാമാരിയെക്കുറിച്ചുള്ള സംശയങ്ങള്‍ ഇന്നും ബാക്കിയാണ്. ഇതില്‍ ഒന്നാണ് വൈറസ് ആരിലാണ് ഏറ്റവും വേഗത്തില്‍ പിടിമുറുക്കുക എന്നത്. ഇതുമായി ബന്ധപ്പെട്ട് പല പഠനങ്ങളും ഇതിനോടകം നടന്നിട്ടുണ്ട്. എന്നാല്‍ അടുത്തിടെ നടന്ന ഒരു ഗവേഷണത്തില്‍ ആസ്മ രോഗികളില്‍ വൈറസ് ബാധയുണ്ടാകാന്‍ സാധ്യത കുറവാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ആസ്മ രോഗികള്‍ക്ക് അണുബാധയുണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നാണ് പഠനത്തില്‍ പറയുന്നത്. എന്നിരുന്നാലും ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്ന് ഗവേഷകര്‍ പറയുന്നു. നവംബര്‍ 24ന് പുറത്തിറക്കിയ അലര്‍ജി ആന്‍ഡ് ക്ലിനിക്കല്‍ ഇമ്മ്യുണോളജി എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

ഫെബ്രുവരി-ജൂണ്‍ മാസങ്ങള്‍ക്കിടയില്‍ കോവിഡ് പരിശോധന നടത്തിയ എല്ലാവരുടെയും ഫലം താരതമ്യം ചെയ്തായിരുന്നു പഠനം. 37, 469 പേര്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തിയപ്പോള്‍ 2,266 പേരിലാണ് വൈറസ് ബാധ കണ്ടെത്തിയത്. എന്നാല്‍ കൂടുതല്‍ ആസ്മ രോഗികള്‍ രോഗം ഇല്ലാത്തവരുടെ ഗണത്തിലായിരുന്നെന്ന് പരിശോധന ഫലങ്ങള്‍ തെളിയിച്ചു. 153 ആസ്മ രോഗികള്‍ക്ക് മാത്രം വൈറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ 3388പേര്‍ക്ക് നെഗറ്റീവ് എന്നായിരുന്നു ഫലം. എന്നാല്‍ രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് കരുതി ആസ്മ രോഗികള്‍ കൂടുതല്‍ മുന്‍കരുതലെടുത്തതായിരിക്കാനും ഇടയുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.