കോഴിക്കോട്: നിപ്പ വൈറസ് ബാധയെ നേരിടാന്‍ ഓസ്‌ട്രേലിയയില്‍ നിന്നുള്ള പ്രത്യേക മരുന്ന് കോഴിക്കോട്ടെത്തിച്ചു. ഹ്യൂമണ്‍ മോണോക്ലോണല്‍ ആന്റിബോഡി എം 102.4 എന്ന മരുന്നാണ് ഓസ്‌ട്രേലിയയില്‍ നിന്ന് കൊണ്ടുവന്നത്. 50 ഡോസ് മരുന്നാണ് എത്തിച്ചത്.

ചികിത്സാമാര്‍ഗ രേഖകള്‍ തയാറാക്കി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയ ശേഷമായിരിക്കും ഇവ രോഗികള്‍ക്ക് നല്‍കുക. ഈ മരുന്ന് ക്വീന്‍സ് ലാന്റ് സര്‍വകലാശാലയില്‍ നിന്നും കൊറിയര്‍ മാര്‍ഗം ഡല്‍ഹിയിലെത്തിച്ച ശേഷമാണ് കേരളത്തിലേക്ക് കൊണ്ടുവന്നത്.

അതേസമയം, ജപ്പാനില്‍ നിന്നും പുതിയ മരുന്ന് കൊണ്ടുവരാന്‍ ആരോഗ്യ വകുപ്പ് ശ്രമം ഊര്‍ജിതമാക്കി. കോഴിക്കോട് നിപ്പ ബാധിച്ച് വീണ്ടും മരണം റിപ്പോര്‍ട്ടു ചെയ്യുന്ന പശ്ചാത്തലത്തിലാണ് ജപ്പാനില്‍ നിന്ന് കൂടുതല്‍ ഫലപ്രദമായ മരുന്നെന്നിക്കാന്‍ ആരോഗ്യവകുപ്പ് ശ്രമം നടത്തുന്നത്.

ഫാവിപിരാവിര്‍ എന്ന മരുന്നാണ് ജപ്പാനില്‍ നിന്നും എത്തിക്കാന്‍ ശ്രമിക്കുന്നത്. നിലവില്‍ ഉപയോഗിക്കുന്ന റിബാവൈറിനേക്കാളും ഫലപ്രദമാണ് ഇതെന്നാണ് കരുതുന്നത്.