കോഴിക്കോട്: ഗൊരഖ്പൂരിലെ മെഡിക്കല്‍ കോളേജില്‍ കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ കൊല്ലപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ സുഭാഷ് ചന്ദ്രന്‍. ‘ശിശുപാപത്തില്‍ ഒരു സ്വാതന്ത്ര്യ ദിനം’ എന്ന പേരില്‍ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് സുഭാഷ്, ശിശുഹത്യയെ ന്യായീകരിക്കുന്നവരെ രൂക്ഷമായി വിമര്‍ശിക്കുന്നത്. സുഭാഷ് ചന്ദ്രബോസിന്റെ പേര് താന്‍ ചെറുപ്പത്തില്‍ കരഞ്ഞ് സ്വന്തമാക്കിയത് തന്റെ ദേശസ്‌നേഹത്തെപ്പറ്റി ഒരു പട്ടിയും സംശയിക്കാത്ത വിധത്തില്‍ ഈ വരികള്‍ കുറിക്കാനുള്ള അര്‍ഹതക്കു വേണ്ടിയാണെന്നും സുഭാഷ് പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ രൂപം:

ശിശുശാപത്തിൽ ഒരു
സ്വാതന്ത്ര്യ ദിനം

ഉജ്ജ്വലനായ ഒരു ദേശീയ നേതാവിന്റെ പേരുകിട്ടാൻ അഞ്ചു വയസ്സിൽ അച്ഛനോട് കരഞ്ഞു വാശി പിടിച്ച കുട്ടിയായിരുന്നു ഞാൻ.
അതുകൊണ്ട്‌ കുട്ടിത്തം എന്താണെന്ന് , അതിന്റെ ശക്തി എന്താണെന്ന് എനിക്കു നന്നായി അറിയാം. 
കടുത്ത ആസ്ത്മക്കാരനായ കുട്ടിയായിരുന്നതുകൊണ്ട്‌, നേരെ കിടന്ന് പ്രാണൻ പോകട്ടെ എന്ന് ആശംസിച്ചുകൊണ്ട്‌ നെഞ്ചിൽ നിന്നു പറിച്ചെടുത്ത്‌ അമ്മ പായിൽ മലർത്തിക്കിടത്താറുള്ള ശിശുവായിരുന്നു ഞാൻ.
അതുകൊണ്ട്‌ പ്രാണവായു കിട്ടാതെയുള്ള മരണം എന്താണെന്നും എനിക്കു നന്നായി അറിയാം.
കഴിഞ്ഞു പോയ വർഷങ്ങളിൽ ആളുകളായ ആളുകൾ മുഴുവൻ കൊടിയുടെ നിറത്തിന്റെ പേരിൽ, തങ്ങൾ വിശ്വസിക്കുന്ന സംഘടനയുടെ പേരിൽ, താനുൾപ്പെട്ട ജാതിയുടെയും മതത്തിന്റേയും പേരിൽ, ലിംഗത്തിന്റേയും സ്വത്തിന്റേയും സ്വത്വത്തിന്റേയും ബലാബലങ്ങളുടെ പേരിൽ ചേരി തിരിഞ്ഞ്‌ വാക്കുകൊണ്ടും ആയുധം കൊണ്ടും പോരടിച്ചുകൊണ്ടേയിരുന്നപ്പോൾ ഞാൻ മിണ്ടാതിരുന്നത്‌ ഊമയായതുകൊണ്ടല്ല.
എന്റെ വാക്കിനെ എന്നേക്കാൾ ഊക്കിൽ പറയാൻ ഇവിടെ ലക്ഷക്കണക്കിനു പേർ വേറേയും ഉണ്ടായിരുന്നതുകൊണ്ടാണ്.

എന്നാൽ ഇന്നെനിക്കു ശബ്ദിക്കേണ്ടിയിരിക്കുന്നു.
കാരണം പ്രാണവായു നിഷേധിക്കപ്പെട്ട്‌ പിടഞ്ഞൊടുങ്ങിയ 76 പേർക്കും വാക്കില്ല, പാർട്ടിയില്ല, കൊടിയില്ല, കോടതിയില്ല.
തങ്ങൾ ഏതു മതത്തിൽ ഏതു ജാതിയിൽ ഏതു ലിംഗത്തിൽ എന്ന വിഷവാക്സിൻ എടുക്കാൻ അവർക്കു പ്രായമായിരുന്നില്ല.
ഓ, അവർക്ക്‌ വോട്ടവകാശവും ഇല്ലായിരുന്നല്ലോ.
അതുകൊണ്ട്‌ മിണ്ടാപ്രാണികളായ ആ കുരുന്നുകൾക്കു വേണ്ടി ഞാൻ ശബ്ദിക്കുന്നു.
ഇത്‌ അനീതിയാണ്. പശുശാപം എന്നൊന്ന് ഉണ്ടോ എന്നെനിക്കറിയില്ല. പക്ഷേ ശിശുശാപം തീർച്ചയായും ഉണ്ട്‌. കാരണം നാളത്തെ കവിയെ, കലാകാരനെ, പാട്ടുകാരനെ, ദാർശനികനെ, അനീതിക്കെതിരെ പോരാടുന്ന ജനനേതാവിനെ നിങ്ങൾ ഇന്നേ കൊന്നിരിക്കുന്നു!

സുഭാഷ്‌ ചന്ദ്രബോസിന്റെ പേരു ഞാൻ അന്നേ കരഞ്ഞു സ്വന്തമാക്കിയത്‌ എന്റെ ദേശസ്നേഹത്തെപ്പറ്റി ഒരു പട്ടിയും സംശയിക്കാത്ത വിധത്തിൽ ഇന്നീ വരികൾ കുറിക്കുവാനുള്ള അർഹതയ്ക്കുവേണ്ടിയാണ്. പായിൽ മലർത്തിക്കിടത്തിയപ്പോൾ അന്നു പ്രാണനുപേക്ഷിക്കാതെ പിടിച്ചു നിന്നത്‌ ഈ സ്വാതന്ത്ര്യദിനത്തിൽ ആ എഴുപത്തിയാറു മിണ്ടാപ്രാണികൾക്കു വേണ്ടി മിണ്ടാനാണ്. വന്ദ്യവയോധികനായ ഒരു മഹാകവിയുടെ വാക്കുകൾ കടമെടുത്തു പറഞ്ഞാൽ
“നിന്നെക്കൊന്നവർ കൊന്നൂ പൂവേ
തന്നുടെ തന്നുടെ മോക്ഷത്തെ!”

വേദനയോടെ
ജയ്ഹിന്ദ്‌!