Connect with us

Video Stories

ഗൊരഖ്പൂര്‍ ശിശുഹത്യ; സംഘ് പരിവാറിനെതിരെ ആഞ്ഞടിച്ച് സുഭാഷ് ചന്ദ്രന്‍

Published

on

കോഴിക്കോട്: ഗൊരഖ്പൂരിലെ മെഡിക്കല്‍ കോളേജില്‍ കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ കൊല്ലപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ സുഭാഷ് ചന്ദ്രന്‍. ‘ശിശുപാപത്തില്‍ ഒരു സ്വാതന്ത്ര്യ ദിനം’ എന്ന പേരില്‍ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് സുഭാഷ്, ശിശുഹത്യയെ ന്യായീകരിക്കുന്നവരെ രൂക്ഷമായി വിമര്‍ശിക്കുന്നത്. സുഭാഷ് ചന്ദ്രബോസിന്റെ പേര് താന്‍ ചെറുപ്പത്തില്‍ കരഞ്ഞ് സ്വന്തമാക്കിയത് തന്റെ ദേശസ്‌നേഹത്തെപ്പറ്റി ഒരു പട്ടിയും സംശയിക്കാത്ത വിധത്തില്‍ ഈ വരികള്‍ കുറിക്കാനുള്ള അര്‍ഹതക്കു വേണ്ടിയാണെന്നും സുഭാഷ് പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ രൂപം:

ശിശുശാപത്തിൽ ഒരു
സ്വാതന്ത്ര്യ ദിനം

ഉജ്ജ്വലനായ ഒരു ദേശീയ നേതാവിന്റെ പേരുകിട്ടാൻ അഞ്ചു വയസ്സിൽ അച്ഛനോട് കരഞ്ഞു വാശി പിടിച്ച കുട്ടിയായിരുന്നു ഞാൻ.
അതുകൊണ്ട്‌ കുട്ടിത്തം എന്താണെന്ന് , അതിന്റെ ശക്തി എന്താണെന്ന് എനിക്കു നന്നായി അറിയാം. 
കടുത്ത ആസ്ത്മക്കാരനായ കുട്ടിയായിരുന്നതുകൊണ്ട്‌, നേരെ കിടന്ന് പ്രാണൻ പോകട്ടെ എന്ന് ആശംസിച്ചുകൊണ്ട്‌ നെഞ്ചിൽ നിന്നു പറിച്ചെടുത്ത്‌ അമ്മ പായിൽ മലർത്തിക്കിടത്താറുള്ള ശിശുവായിരുന്നു ഞാൻ.
അതുകൊണ്ട്‌ പ്രാണവായു കിട്ടാതെയുള്ള മരണം എന്താണെന്നും എനിക്കു നന്നായി അറിയാം.
കഴിഞ്ഞു പോയ വർഷങ്ങളിൽ ആളുകളായ ആളുകൾ മുഴുവൻ കൊടിയുടെ നിറത്തിന്റെ പേരിൽ, തങ്ങൾ വിശ്വസിക്കുന്ന സംഘടനയുടെ പേരിൽ, താനുൾപ്പെട്ട ജാതിയുടെയും മതത്തിന്റേയും പേരിൽ, ലിംഗത്തിന്റേയും സ്വത്തിന്റേയും സ്വത്വത്തിന്റേയും ബലാബലങ്ങളുടെ പേരിൽ ചേരി തിരിഞ്ഞ്‌ വാക്കുകൊണ്ടും ആയുധം കൊണ്ടും പോരടിച്ചുകൊണ്ടേയിരുന്നപ്പോൾ ഞാൻ മിണ്ടാതിരുന്നത്‌ ഊമയായതുകൊണ്ടല്ല.
എന്റെ വാക്കിനെ എന്നേക്കാൾ ഊക്കിൽ പറയാൻ ഇവിടെ ലക്ഷക്കണക്കിനു പേർ വേറേയും ഉണ്ടായിരുന്നതുകൊണ്ടാണ്.

എന്നാൽ ഇന്നെനിക്കു ശബ്ദിക്കേണ്ടിയിരിക്കുന്നു.
കാരണം പ്രാണവായു നിഷേധിക്കപ്പെട്ട്‌ പിടഞ്ഞൊടുങ്ങിയ 76 പേർക്കും വാക്കില്ല, പാർട്ടിയില്ല, കൊടിയില്ല, കോടതിയില്ല.
തങ്ങൾ ഏതു മതത്തിൽ ഏതു ജാതിയിൽ ഏതു ലിംഗത്തിൽ എന്ന വിഷവാക്സിൻ എടുക്കാൻ അവർക്കു പ്രായമായിരുന്നില്ല.
ഓ, അവർക്ക്‌ വോട്ടവകാശവും ഇല്ലായിരുന്നല്ലോ.
അതുകൊണ്ട്‌ മിണ്ടാപ്രാണികളായ ആ കുരുന്നുകൾക്കു വേണ്ടി ഞാൻ ശബ്ദിക്കുന്നു.
ഇത്‌ അനീതിയാണ്. പശുശാപം എന്നൊന്ന് ഉണ്ടോ എന്നെനിക്കറിയില്ല. പക്ഷേ ശിശുശാപം തീർച്ചയായും ഉണ്ട്‌. കാരണം നാളത്തെ കവിയെ, കലാകാരനെ, പാട്ടുകാരനെ, ദാർശനികനെ, അനീതിക്കെതിരെ പോരാടുന്ന ജനനേതാവിനെ നിങ്ങൾ ഇന്നേ കൊന്നിരിക്കുന്നു!

സുഭാഷ്‌ ചന്ദ്രബോസിന്റെ പേരു ഞാൻ അന്നേ കരഞ്ഞു സ്വന്തമാക്കിയത്‌ എന്റെ ദേശസ്നേഹത്തെപ്പറ്റി ഒരു പട്ടിയും സംശയിക്കാത്ത വിധത്തിൽ ഇന്നീ വരികൾ കുറിക്കുവാനുള്ള അർഹതയ്ക്കുവേണ്ടിയാണ്. പായിൽ മലർത്തിക്കിടത്തിയപ്പോൾ അന്നു പ്രാണനുപേക്ഷിക്കാതെ പിടിച്ചു നിന്നത്‌ ഈ സ്വാതന്ത്ര്യദിനത്തിൽ ആ എഴുപത്തിയാറു മിണ്ടാപ്രാണികൾക്കു വേണ്ടി മിണ്ടാനാണ്. വന്ദ്യവയോധികനായ ഒരു മഹാകവിയുടെ വാക്കുകൾ കടമെടുത്തു പറഞ്ഞാൽ
“നിന്നെക്കൊന്നവർ കൊന്നൂ പൂവേ
തന്നുടെ തന്നുടെ മോക്ഷത്തെ!”

വേദനയോടെ
ജയ്ഹിന്ദ്‌!

kerala

കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.

Published

on

നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല്‍ വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.

ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന്‍ മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Continue Reading

Video Stories

വിവാഹ വാഗ്ദാനം നല്‍കി 49 ലക്ഷം തട്ടി; സൈബര്‍ തട്ടിപ്പില്‍ 42കാരന്‍ കുടുങ്ങി

വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ…

Published

on

ഗാസിയാബാദ്: ജീവിത പങ്കാളിയെ തേടി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഗാസിയാബാദില്‍ നടന്ന വന്‍ സൈബര്‍ തട്ടിപ്പ്. വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വൈശാലി സ്വദേശിയായ 42കാരനായ അഭിഷേക് ചൗധരി എന്ന പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി വിവാഹം വരെ ഉറപ്പിക്കുന്ന തരത്തില്‍ ബന്ധം വളര്‍ന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.

സംഭാഷണത്തിനിടയില്‍, യുവതി ജലന്ധറിലും ഡല്‍ഹി എന്‍സിആറിലും തന്റെ കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തു. പിന്നാലെ അഭിഷേകിനെ ഫോറെക്സ് ട്രേഡിംഗിലേക്ക് പരിചയപ്പെടുത്തി. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 500 ഡോളര്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഡോളറില്‍ ഇടപാട് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, ടെലിഗ്രാം വഴി പ്രത്യേക അക്കൗണ്ട് നല്‍കി ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റാമെന്ന് അവകാശപ്പെട്ടു.

അഭിഷേക് ആദ്യം ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഒക്ടോബര്‍ 8ന് 10 ലക്ഷം ഒക്ടോബര്‍ 15ന് രണ്ട് ഗഡുക്കളായി 15 ലക്ഷം ഒക്ടോബര്‍ 16ന് 13 ലക്ഷം നവംബര്‍ 2ന് 10 ലക്ഷം ഇങ്ങനെ ഏകദേശം 49 ലക്ഷം രൂപ വ്യാജ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു.

ട്രേഡിംഗ് ആപ്പില്‍ വാലറ്റില്‍ വന്‍ ലാഭം കാണിച്ചിരുന്നെങ്കിലും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓരോ തവണയും പരാജയപ്പെട്ടു. പിന്നീട് ലാഭത്തിന് 30 ശതമാനം നികുതി ആവശ്യപ്പെട്ടതോടെയാണ് അഭിഷേക് താന്‍ വഞ്ചിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.

അഭിഷേക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഎന്‍എസ് 319(2), 318(4) ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പണം കൈമാറിയ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട എല്ലാ ബാങ്കുകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഡിസിപി (സൈബര്‍ & ക്രൈം) അറിയിച്ചു.

 

Continue Reading

Video Stories

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം; നിര്‍ദേശങ്ങളുമായി വിദഗ്ധര്‍

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍…

Published

on

ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് നിര്‍ണായകമാണെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, നീര്‍വീക്കം എന്നിവ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

അനസ്തെറ്റിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന്‍ വിദഗ്ധനുമായ ഡോ. കുനാല്‍ സൂദ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹൃദയത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍, ഒമേഗ3 ധാരാളമുള്ള മീനുകള്‍ ചൂര പോലുള്ള കൊഴുപ്പുള്ള മീനുകള്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്.

അപൂരിത കൊഴുപ്പില്‍പ്പെടുന്ന ഈ ഘടകം ഹൃദയം, കരള്‍, ശ്വാസകോശം, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും കോശഭിത്തി സംരക്ഷിക്കുന്നതിലും ഒമേഗ3 പ്രധാന പങ്കുവഹിക്കുന്നു.

എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പോളിഫിനോളുകളും ഇതില്‍ ധാരാളമാണ്. മോശം കൊളസ്ട്രോള്‍ (LDL) കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തക്കുഴലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. അവൊക്കാഡോ ഒലെയിക് ആസിഡ്, നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ അവൊക്കാഡോ കൊളസ്ട്രോളും രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

പ്ലാന്റ് ബേസ്ഡ് ഒമേഗ3 (ALA), പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുള്ള വാല്‍നട്ട്സ് മൊത്തം കൊളസ്ട്രോളും LDL ഉം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ബെറികള്‍ (സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി) ആന്തോസയാനിനുകള്‍, പോളിഫിനോളുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.

ഇലക്കറികള്‍ മുരിങ്ങയില, ചീരയില തുടങ്ങിയ ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ ഇവ രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു.

ആഹാരക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനുമുന്‍പ് നിര്‍ബന്ധമായും ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

Continue Reading

Trending