മഞ്ചേരി: മലപ്പുറം മഞ്ചേരിയില്‍ വാട്ടര്‍ബര്‍ത്തിനിടെ മരിച്ച ഗര്‍ഭിണിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യും. ഒരു മാസം മുമ്പ് മരിച്ച യുവതിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്താതെയാണ് സംസ്‌കരിച്ചത്. ബന്ധുക്കള്‍ പരാതി പറയാത്തതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്ന് പോസ്റ്റുമോര്‍ട്ടം നടത്താതിരുന്നത്. എന്നാല്‍ ഇപ്പോള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്താന്‍ തീരുമാനിച്ചത്.
ജനുവരി എട്ടിന് മഞ്ചേരി സ്വകാര്യ ആസ്പത്രിയിലെ പ്രകൃതിചികിത്സാ വിഭാഗത്തിലായിരുന്നു സംഭവം. വളവന്നൂര്‍ സ്വദേശിനിയായ 23കാരിയാണ് ചികിത്സയിലെ പാകപിഴവു കാരണം മരിച്ചത്. അശാസ്ത്രീയമായ രീതിയാണ് യുവതിയെ മരണത്തിലെത്തിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രസവത്തിനിടെ അമിത രക്തസ്രാവമുണ്ടായി ബിപി നിലച്ചതോടെ യുവതിയെ ആസ്ത്രിയിലെ അലോപ്പതി വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.