ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ കല്യാണ്‍ സിങിനെ രാജസ്ഥാന്‍ ഗവര്‍ണര്‍ പദവിയില്‍ നിന്ന് നീക്കണമെന്ന് പാര്‍ലമെന്റ് അംഗവും ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവുമായ അസദുദീന്‍ ഉവൈസി. കല്യാണ്‍ സിങ് വിചാരണ നേരിടണമെന്നും നീതിന്യായ വ്യവസ്ഥയെ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കണമെന്നും ഉവൈസി ട്വിറ്ററില്‍ കുറിച്ചു.


ഭരണഘടനാ പദവിയില്‍ ഇരിക്കുന്നതിനാല്‍ കല്യാണ്‍ സിങിനെ വിചാരണ നേരിടുന്നതില്‍ നിന്ന് താല്‍കാലികമായി സുപ്രീംകോടതി ഒഴിവാക്കിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്നു കല്യാണ്‍ സിങ്. ഗവര്‍ണര്‍ പദവിയില്‍ നിന്ന് മാറുമ്പോള്‍ സിങ് വിചാരണ നേരിടണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ബാബരി മസ്ജിദ് തകര്‍ക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച എല്‍.കെ അദ്വാനിയില്‍ നിന്ന് രാജ്യത്തെ പരമോന്നത ബഹുമതിയായ പത്മവിഭൂഷന്‍ തിരിച്ചെടുക്കണമെന്നും ഉവൈസി ആവശ്യപ്പെട്ടു.