ആലപ്പുഴ: റമ്പൂട്ടാന്റെ കുരു തൊണ്ടയില്‍ കുടിങ്ങി എട്ട് മാസം പ്രായമായ കുട്ടി മരിച്ചു.കല്ലിശ്ശേരി വാലിയില്‍ വീട്ടില്‍ ലിന്‍സണിന്റെയും പ്രെറ്റിയുടെയും മകള്‍ ലിയാന്‍(8 മാസം)ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ വീട്ടില്‍ വെച്ചാണ് സംഭവം. മാതാവ് പ്രെറ്റി റമ്പൂട്ടാന്റെ മാദളമായ ഭാഗം ഇളക്കി കുട്ടിക്ക് കൊടുക്കുന്നതിനിടയില്‍ കുരുംവും വായിലേക്ക് വീഴുകയായിരുന്നു.കുട്ടിയുടെ തൊണ്ടയില്‍ റമ്പൂട്ടാന്റെ കുരു കുടുങ്ങിയതോടെ പ്രെറ്റി ബഹളം വെച്ചതിനെ തുടര്‍ന്ന് സമീപമുള്ള ബന്ധുക്കളും അയല്‍ വീടുകളില്‍ നിന്നും ആളുകളും ഓടിയെത്തി.ഉടന്‍തന്നെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.സംസ്‌കാരം പിന്നീട്. പിതാവ് ലിന്‍സണ്‍ കുവൈറ്റിലാണ്.