kerala

ചിക്കന്‍ വിഭവങ്ങള്‍ക്ക് വിലക്ക്; ഹോട്ടലുകള്‍ ഇന്ന് അടച്ചിടും

By webdesk18

December 30, 2025

ആലപ്പുഴ: പക്ഷിപ്പനിയുടെ പേരില്‍ ആലപ്പുഴയിലെ ഹോട്ടലുകളില്‍ ചിക്കന്‍ ഉള്‍പ്പെടെയുള്ള വിഭവങ്ങളുടെ വില്‍പ്പന തടഞ്ഞ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. അധികൃതരുടെ നടപടിയെ തുടര്‍ന്ന് ആലപ്പുഴയിലെ ഹോട്ടല്‍ വ്യാപാര മേഖല കടുത്ത പ്രതിസന്ധിയിലായി. സംഭവത്തില്‍ പ്രതിഷേധിച്ച് ജില്ലയിലെ ഹോട്ടലുകള്‍ ഇന്ന് അടച്ചിട്ട് പ്രതിഷേധിക്കും. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ ജില്ലാ കലക്ടറുമായി ഇന്നലെ നടത്തിയ ചര്‍ച്ച കൂടി പരാജയപ്പെട്ടതോടെയാണ് കടയടപ്പ് സമരത്തിലേക്ക് സംഘടന നീങ്ങിയത്.

ശീതീകരിച്ച മാംസത്തിന് പോലും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്ന നടപടി പിന്‍വലിക്കണമെന്നാവശ്യം പോലും ജില്ലാ ഭരണകുടം അംഗീകരിക്കാന്‍ തയാറായിട്ടില്ല. 31 വരെയുള്ള നിരോധനത്തിന്റെ ഫലം പരിശോധിച്ച ശേഷം നടപടി സ്വീകരിക്കാമെന്നാണ് ജില്ലാ കലക്ടര്‍ അറിയിച്ചത്. എന്നാല്‍ ചിക്കന്‍ വിഭവങ്ങളില്ലാതെ ഹോട്ടലുകള്‍ പ്രവര്‍ത്തിപ്പിക്കുക അസാധ്യമാണെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് നാസര്‍ ബി. താജ് പ്രതികരിച്ചു.

ഹോട്ടലുകളില്‍ എത്തുന്നവരില്‍ ഭൂരിഭാഗം പേരും ആവശ്യപ്പെടുന്നത് ചിക്കന്‍ വിഭവങ്ങളാണ്. അതിന് പകരമായി വെക്കാന്‍ മറ്റൊരു ഐറ്റവും നിലവില്‍ ലഭ്യമല്ല. ബീഫ്, മത്സ്യം അടക്കമുള്ളവയുടെ ഭീമമായ തുക കച്ചവടത്തിന് പ്രതിസന്ധി സൃഷ്ട്ടിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷമായി സീസണ്‍ സമയത്ത് ഇത്തരം ദുരിതം അനുഭവിക്കുകയാണ്. ചിക്കന്‍ വിഭവങ്ങള്‍ക്കുള്ള വിലക്ക് പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് സംഘടന നീങ്ങുമെന്നും നാസര്‍ പറഞ്ഞു. ജില്ലയിലെ എട്ട് പഞ്ചായത്തുകളിലെ ഓരോ വാര്‍ഡുകളില്‍ വീതമാണ് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തത്.