ധാക്ക: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ബംഗ്ലാദേശിന് ജയം. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ബംഗ്ലാദേശ് തോല്‍പിക്കുന്നത്. 108 റണ്‍സിനായിരുന്നു ബംഗ്ലാദേശിന്റെ ജയം. രണ്ട് ഇന്നിങ്‌സുകളിലുമായി പന്ത്രണ്ട് വിക്കറ്റ് വീഴ്ത്തിയ മെഹദി ഹസനാണ് ബംഗ്ലാദേശിന്റെ വിജയശില്‍പ്പി. ആദ്യ ടെസ്റ്റില്‍ കൈ അകലെ നഷ്ടമായ വിജയം രണ്ടാം ടെസ്റ്റില്‍ ബംഗ്ലാദേശ് തിരിച്ചുപടിക്കുകയായിരുന്നു. ഇതോടെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പര ബംഗ്ലാദേശ് 1-1ന് അവസാനിപ്പിച്ചു. ടെസ്റ്റില്‍ ബംഗ്ലാദേശിന്റെ എട്ടാം ജയമാണിത്. 19കാരനായ മെഹദി ഹസന്റെ ടെസ്റ്റ് അരങ്ങേറ്റമാണിത്.
സ്‌കോര്‍ബോര്‍ഡ് ചുരുക്കത്തില്‍: ബംഗ്ലാദേശ്: 220, 296. ഇംഗ്ലണ്ട്: 244, 164
ബംഗ്ലാദേശ് ഉയര്‍ത്തിയ 273 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് വേണ്ടി അലസ്റ്റയര്‍ കുക്കും ബെന്‍ ഡക്കറ്റും ശക്തമായി തുടങ്ങിയെങ്കിലും ബെന്‍ ഡക്കറ്റിനെ മടക്കി മെഹദി ആദ്യ ബ്രേക്ക് നല്‍കി. 100 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് ഈ സഖ്യം പിരിഞ്ഞത്. ആദ്യ വിക്കറ്റ് നഷ്ടമായതോടെ ഇംഗ്ലണ്ട് പിന്നീട് കരകയറിയില്ല. അലസ്റ്റയര്‍കുക്ക്(59) ബെന്‍ ഡക്കറ്റ്(56) എന്നിവര്‍ക്ക് മാത്രമെ പിടിച്ചുനില്‍ക്കാനായുള്ളൂ. 21.3 ഓവറില്‍ 77 റണ്‍സ് വഴങ്ങിയാണ് മെഹദിയുടെ ആറ് വിക്കറ്റ് പ്രകടനം. ഷാക്കിബ് അല്‍ഹസന്‍ നാല് വിക്കറ്റും വീഴ്ത്തി. തമീം ഇഖ്ബാലിന്റെ(104) സെഞ്ച്വറിയുടെ ബലത്തിലായിരുന്നു ബംഗ്ലാദേശ് ആദ്യ ഇന്നിങ്‌സില്‍ 220 റണ്‍സ് നേടിയത്. എന്നാല്‍ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സില്‍ 244 റണ്‍സ് നേടി. ജോ റൂട്ട്്(56) ആണ് ടോപ് സ്‌കോറര്‍.
Be the first to write a comment.