ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കിങ് മേഖല വന്‍ പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ടുകള്‍. മൂന്ന് വര്‍ഷത്തിനിടെ അഞ്ച് ബാങ്കുകളാണ് രാജ്യത്ത് തകര്‍ന്നത്. ഈ നിരയിലേക്ക് അവസാനമെത്തിയത് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലക്ഷ്മി വിലാസ് ബാങ്കാണ്. ബാങ്കിന്റെ കിട്ടാകടം വര്‍ധിക്കുകയും മൂലധനത്തില്‍ വലിയ ഇടിവ് രേഖപ്പെടുത്തുകയും ചെയ്തതോടെയാണ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയത്. ബാങ്ക് പ്രതിസന്ധിയിലായതോടെ ഇടപാടുകള്‍ക്ക് റിസര്‍വ് ബാങ്ക് 30 ദിവസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. നിലവില്‍ ഡിബിഎസ് ബാങ്കുമായി ലയിപ്പിച്ച് ലക്ഷ്മി വിലാസിലെ പ്രതിസന്ധി മറികടക്കാനാണ് ആര്‍ബിഐ ലക്ഷ്യമിടുന്നത്.

ധനകാര്യ സ്ഥാപനങ്ങള്‍ നിരന്തരമായി തകരുന്നത് രാജ്യത്തിന് വലിയ മുന്നറിയിപ്പാണ് നല്‍കുന്നത്. രാജ്യം മാന്ദ്യത്തിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ ബാങ്കുകളിലുണ്ടാവുന്ന പ്രതിസന്ധി സ്ഥിതി രൂക്ഷമാക്കുമെന്നാണ് ആശങ്ക. ഐഎല്‍&എഫ്‌സി, ഡിഎച്ച്എഫ്എല്‍, പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര കോഓപ്പറേറ്റീവ് ബാങ്ക്, യെസ് ബാങ്ക് എന്നീ ധനകാര്യ സ്ഥാപനങ്ങളാണ് കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ തകര്‍ന്നത്. തകര്‍ച്ചയുടെ വക്കിലായ ഐഡിബിഐ ബാങ്കിനെ എല്‍.എസിയുടെ മൂലധനം ഉപയോഗിച്ചാണ് പിടിച്ചു നിര്‍ത്തിയത്.

തകര്‍ന്ന മറ്റൊരു ബാങ്കായ യെസ് ബാങ്കിന്റെ രക്ഷക്കായി എസ്ബിഐ എത്തിയെങ്കിലും പിഎംസി ബാങ്കിനെ കരകയറ്റാന്‍ പുതിയ പദ്ധതികളൊന്നും നടപ്പിലായിട്ടില്ല. രണ്ട് ബാങ്കുകളുടേയും തകര്‍ച്ചയിലേക്ക് നയിച്ചത് കിട്ടാകടവും വായ്പകള്‍ അനുവദിക്കുന്നതിലെ ക്രമക്കേടുകളും ഏറ്റവും മോശം കോര്‍പ്പറേറ്റ് ഭരണവുമായിരുന്നു. കിട്ടാകടമാണ് എല്‍വിബിക്ക് വിനയായത്. 720 കോടി റാന്‍ബാക്‌സി പ്രൊമോട്ടര്‍മാര്‍, മാല്‍വിന്ദര്‍, ശിവന്ദര്‍ സിങ് എന്നിവര്‍ക്ക് നല്‍കാനുള്ള തീരുമാനം കടുത്ത തിരിച്ചടിയാണ് ബാങ്കിന് സൃഷ്ടിച്ചത്.

സാമ്പത്തിക പ്രതിസന്ധിയും ധനകാര്യ മാനേജ്‌മെന്റിലെ കെടുകാര്യസ്ഥതയുമാണ് ബാങ്കുകളുടെ തകര്‍ച്ചക്ക് കാരണമാവുന്നത്. സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടുന്ന തരത്തില്‍ കോവിഡ് കൂടി വന്നതോടെ രാജ്യത്തെ ബാങ്കുകളുടെ പ്രതിസന്ധി ഇനിയും രൂക്ഷമാവാനാണ് സാധ്യത. മാനദണ്ഡങ്ങളില്ലാതെ ലാഭം മാത്രം ലക്ഷ്യം വെച്ച് വായ്പകള്‍ അനുവദിക്കുകയും ഉയര്‍ന്ന പലിശക്ക് നിക്ഷേങ്ങള്‍ സ്വീകരിക്കുകയും ചെയ്തതാണ് യെസ് ബാങ്കിനെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടത്. ബാങ്കുകളുടെ മേല്‍ കൃത്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി മേല്‍നോട്ടം വഹിക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറാവാത്ത പക്ഷം രാജ്യത്തെ ബാങ്കിങ് മേഖല വന്‍ പ്രതിസന്ധിയിലേക്കാണ് കൂപ്പുകുത്താന്‍ പോവുന്നത്.