ബര്‍ലിന്‍: ജര്‍മ്മന്‍ ബുണ്ടസ് ലീഗയിലെ നിലവിലെ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക് ഫ്രഞ്ച് താരം ഫ്രാങ്ക് റിബറിയുമായുള്ള കരാര്‍ ഒരു വര്‍ഷത്തേക്കു കൂടി നീട്ടി. 2018 ജൂണ്‍ വരെ റിബറി ക്ലബ്ബലില്‍ തുടരുമെന്ന് ബയേണ്‍ അറിയിച്ചു. 11 സീസണുകളിലായി ജര്‍മ്മന്‍ ക്ലബ്ബിനോടൊപ്പമുള്ള റിബറി ടീമിന് ആറ് ജര്‍മ്മന്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം, ചാമ്പ്യന്‍സ് ലീഗ്, യുവേഫ സൂപ്പര്‍ കപ്പ് തുടങ്ങിയവ നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് ക്ലബ്ബ് ചെയര്‍മാന്‍ കാള്‍ ഹീന്‍സ് റമനിഗെ പ്രസ്താവനയില്‍ പറഞ്ഞു. 2007ല്‍ ഒളിംപിക് മാഴ്‌സല്ലെയിലില്‍ നിന്നുമാണ് റിബറി ബയേണിലെത്തുന്നത്. ഇതിനു ശേഷം 333 മത്സരങ്ങളില്‍ ബയേണിനു വേണ്ടി കളിച്ച അദ്ദേഹം 108 ഗോളുകള്‍ നേടുകയും ചെയ്തു.