തിരുവനന്തപുരം : കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ആഹ്വാനം ചെയ്ത ഭാരത ബന്ദ് കേരളത്തില്‍ ഉണ്ടാകില്ല. സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നതിനാലാണിത്. ബന്ദിന് പകരം മറ്റ് സമരമാര്‍ഗങ്ങള്‍ ആലോചിക്കുമെന്ന് കേരള കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

ബന്ദില്‍ നിന്നും കേരളത്തെ ഒഴിവാക്കേണ്ടി വരുമെന്നും മറ്റു മാര്‍ഗങ്ങളുമായി കര്‍ഷക കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്നും സംസ്ഥാന പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടിയും പറഞ്ഞു.

കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായി അഞ്ചു ജില്ലകളില്‍ ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഈ സാഹചര്യത്തില്‍ ഭാരത ബന്ദ് നടത്തുന്നത് ബുദ്ധിമുട്ടാകുന്നത് പരിഗണിച്ചാണ് പുതിയ സമരമാര്‍ഗങ്ങള്‍ തേടുന്നതെന്ന് കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.