ന്യൂഡല്‍ഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനെ പിന്തുണക്കുമെന്ന് ജനതാദള്‍ (യു) നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുത്ത എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രാം നാഥ് കോവിന്ദിന് പിന്തുണ നല്‍കനാണ് ബിഹാറില്‍ ചേര്‍ന്ന ജെഡിയു യോഗം തീരുമാനിച്ചത്. കുറച്ചു നാളായി മോദിയുമായി പ്രീണന സമീപനം സ്വീകരിക്കുന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കോവിന്ദിന് പിന്തുണ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന രാംനാഥ് കോവിന്ദ് നിലവിലെ ബിഹാര്‍ ഗവര്‍ണര്‍ കൂടിയാണെന്നതും തീരുമാനത്തിന് കാരണമായി. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി കൂടിയായ നിതീഷ് കുമാറിന് കോവിന്ദിന് പിന്തുണ നല്‍കേണ്ട നിലയാണ്.

പ്രതിപക്ഷ ഐക്യത്തിനും, ബദല്‍ സ്ഥാനാര്‍ത്ഥിയെ മല്‍സരിപ്പിക്കാനുള്ള തീരുമാനത്തിനും കനത്ത പ്രഹരമേല്‍പ്പിക്കുന്നതാണ് ജെഡിയുവിന്റെ കാലുമാറ്റം. ബിഹാറില്‍ ബിജെപിയെ വീഴ്ത്തി ഭരണം പിടിക്കാന്‍ മഹാസഖ്യത്തിന് രൂപം നല്‍കിയ നിതീഷ് കുമാര്‍ ബിജെപിക്കൊപ്പം കൂടുന്ന രാഷ്ട്രീയ മാറ്റമാണ് ദേശീയ തലത്തില്‍ കാണാന്‍ സാധിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയാണ് കോവിന്ദിനെ പിന്തുണക്കാനുള്ള തീരുമാനവും. ദളിത് സ്ഥാനാര്‍ത്ഥി ആയതിനാല്‍ പിന്തുണ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കെന്ന സൂചനയാണ് നേരത്തെ നിതീഷ് കുമാര്‍ നല്‍കിയതെങ്കിലും പ്രതിപക്ഷ ഐക്യം സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതിന് മുമ്പ് ഭരണപക്ഷ സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാനുള്ള തീരുമാനം പ്രതിപക്ഷ കൂട്ടായ്മയ്ക്ക് തിരിച്ചടിയാണ്. ദളിത് സ്ഥാനാര്‍ത്ഥിയായതിനാല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന സൂചന ബിഎസ്പി നേതാവ് മായാവതിയും നല്‍കിയിരുന്നു. ബിജെപിയുടെ ദളിത് സ്ഥാനാര്‍ത്ഥിയെ എങ്ങനെ എതിര്‍ക്കുമെന്ന ആശങ്കയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെല്ലാമുള്ളത്. ഈ സാഹചര്യത്തില്‍ ബദല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള തീരുമാനത്തില്‍ നിന്ന് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും പിന്‍വാങ്ങുമോയെന്നതാണ് ഇനി കാത്തിരുന്നു കാണേണ്ടത്. കോവിന്ദിനെ പിന്തുണക്കുന്നതില്‍ ജെഡിയുവില്‍ ഭിന്നതയുണ്ട്. ജെഡിയു കേരളാ ഘടകം ദേശീയ ഘടകത്തിന്റെ തീരുമാനം അംഗീകരിക്കില്ലെന്ന് ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു. അതേ സമയം ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പിന്തുണക്കേണ്ടതില്ലെന്നാണ് ബിഹാറില്‍ ജെ.ഡി.യുവിന്റെ സഖ്യകക്ഷിയായ ആര്‍.ജെ.ഡിയുടെ തീരുമാനം. നേരത്തെ 48.93 ശതമാനം വോട്ടു മാത്രമുണ്ടായിരുന്ന ഭരണ പക്ഷത്തിന് ഇപ്പോള്‍ വിവിധ പ്രാദേശിക കക്ഷികളുടെ പിന്തുണ കൂടി ലഭിച്ചതോടെ 60 ശതമാനത്തിലധികം വോട്ടുകള്‍ ഉറപ്പായി. 25893 വോട്ടിന്റെ മൂല്യമുള്ള ശിവസേന കഴിഞ്ഞ ദിവസം കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ടി.ആര്‍.എസ്, ടി.ഡി.പി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, അസംഗണപരിഷത്, ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ട് എന്നീ കക്ഷികളും കോവിന്ദിനെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമെ ഒഡീഷ മുഖ്യമന്ത്രി ബിജു പട്‌നായിക്കിന്റെ ബിജു ജനതാദളും എന്‍.ഡി.എക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയാണ് രാംനാഥ് കോവിന്ദ് പത്രിക സമര്‍പ്പിക്കുക.