ന്യൂഡല്‍ഹി: മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന കോടതി വിധിക്കു പിന്നാലെ കേന്ദ്രസര്‍ക്കാര്‍ തയാറാക്കിയ മുസ്ലിംവിവാഹ മോചനവുമായി ബന്ധപ്പെട്ട ബില്‍ നാളെ പാര്‍ലമെന്റില്‍. മുത്തലാഖ് ജാമ്യമില്ലാത്ത ക്രിമിനല്‍ കുറ്റമായി പരിഗണിക്കുന്നതാണ് ബില്‍. ബില്ലിനെതിരെ മുസ്്‌ലിംസംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് ബില്‍ സഭയില്‍ കൊണ്ടുവരുന്നത്.

മുസ്്‌ലിം വുമണ്‍ (പ്രൊട്ടക്്ഷന്‍ ഓഫ് റൈറ്റ്‌സ് ഓണ്‍ മാര്യേജ്) എന്നാണ് ബില്ലിന്റെ പേര്. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷനായ മന്ത്രിതല സമിതിയാണ് ബില്‍ തയാറാക്കിയത്. വാക്കു കൊണ്ടുള്ള മൊഴിചൊല്ലല്‍, ഇ-മെയില്‍, എസ്.എം.എസ്, വാട്‌സാപ്പ് വഴിയുള്ള ത്വലാഖുകള്‍ തുടങ്ങിയവയെല്ലാം നിയമപരമല്ലെന്നും അസാധുവാണെന്നും ബില്‍ നിഷ്‌കര്‍ഷിക്കുന്നു. ഇത്തരത്തില്‍ ത്വലാഖ് ചൊല്ലുന്ന ഭര്‍ത്താവിന് മൂന്നു വര്‍ഷം തടവും ബില്ലില്‍ നിര്‍ദേശിച്ചിട്ടുണ്ട്.  കഴിഞ്ഞ മാസം കേന്ദ്രമന്ത്രിസഭ ബില്ലിന് അനുമതി നല്‍കിയിരുന്നു.

ബില്‍ തയാറാക്കുന്നതിന് മുമ്പ് മുസ്ലിംസംഘടനകളുമായി കൂടിയാലോച്ചിട്ടില്ലെന്ന് നേരത്തെ ലോക്‌സഭയില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. സ്ത്രീയുടെ അന്തസ്സിന്റെ പ്രശ്‌നമായാണ് വിഷയത്തെ കാണുന്നതെന്നും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയുടെ ആവശ്യമില്ലൈന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്. മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ചതിന് ശേഷം 66 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കിയിരുന്നു.
അതിനിടെ, സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണ് ബില്ലെന്നും ബില്‍ പിന്‍വലിക്കണമെന്നും ആള്‍ ഇന്ത്യാ മുസ്്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ആവശ്യപ്പെട്ടു. ബില്‍ അപ്രായോഗികമാണ് എന്നും മുസ്്‌ലിംലീഗും നിലപാടെടുത്തിട്ടുണ്ട്.

ബില്‍ പിന്‍വലിക്കാന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നതായി വ്യക്തിനിയമ ബോര്‍ഡ് ചെയര്‍മാന്‍ മൗലാനാ റാബിഅ് ഹസനി നദ്‌വി പറഞ്ഞു. ഭരണഘടനയുടെ പ്രാഥമിക തത്വങ്ങള്‍ക്ക് എതിരാണ് പുതിയ ബില്‍. ബില്‍ കൊണ്ടുവരും മുമ്പ് തങ്ങളുമായോ ഏതെങ്കിലും മുസ്്‌ലിം സംഘടനകളുമായോ കൂടിയാലോചിച്ചിട്ടില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.