തനിക്കെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ച നടനും സംവിധായകനുമായ പ്രതാപ് പോത്തനെതിരെ അതേ ഭാഷയില്‍ പ്രതികരിച്ച് സംവിധായകന്‍ ജൂഡ് ആന്റണി. രാജ്യന്തര ചലചിത്രമേളയിലെ വേദിയില്‍ വെച്ച് നടി പാര്‍വ്വതി മമ്മുട്ടിയുടെ കസബയിലെ സ്ത്രീവിരുദ്ധതയെ വിമര്‍ശിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദമാണ് ജൂഡ്- പ്രതാപ് പോത്തന്‍ വിവാദത്തിന് തിരി കൊളുത്തിയത്.

ഇന്ന് രാവിലെയാണ് പ്രതാപ് പോത്തന്‍ ജൂഡിനെ വിമര്‍ശിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടത്. ‘ഒരു പട്ടി എപ്പോഴും പട്ടി തന്നെയായിരിക്കും. ഒന്നും ചെയ്യാതെ ഭാഗ്യം കൊണ്ട് നീ എന്തോ ആയി, അവസാന ദിവസം നീ ഒന്നുമല്ലെന്നറിയും. ഇന്‍ഡസ്ട്രിയില്‍ മറ്റുള്ളവരുടെ പാദപൂജ ചെയ്യുന്ന ആള്‍ മാത്രമാണ് നീ’- ഇതായിരുന്നു പ്രതാപ് പോത്തന്റെ പോസ്റ്റ്. കുറച്ചു സമയങ്ങള്‍ക്ക് ശേഷം പ്രതാപ് പോത്തന്‍ തന്നെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

ഇതിനുമറുപടിയുമായി ഇതേ ഭാഷയില്‍ ജൂഡും രംഗത്തെത്തുകയായിരുന്നു. ‘കഞ്ചാവടിച്ച പേപ്പട്ടികളോട് എന്ത് പറയാന്‍. ഗെറ്റ് വെല്‍ സൂണ്‍ ഡിയര്‍ ഓള്‍ഡ് ഡോഗ്’ എന്നായിരുന്നു ജൂഡിന്റെ പോസ്റ്റ്. മുമ്പ് പ്രതാപ് പോത്തന്‍ തന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു.

നടി പാര്‍വതി കസബ സിനിമയിലെ സ്ത്രീ വിരുദ്ധതയെ വിമര്‍ശിച്ചതോടെ് മമ്മൂട്ടിയെ വിമര്‍ശിച്ചുവെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ പാര്‍വതിക്ക് നേരെ വന്‍തോതില്‍ സൈബര്‍ ആക്രമണമുണ്ടായിരുന്നു. നടിയെ കുരങ്ങിനോട് താരതമ്യപ്പെടുത്തി ജൂഡ് പോസ്റ്റിട്ടത്തോടെ വാക്‌പോര് വേറൊരുതരത്തിലേക്ക് മാറുകയായിരുന്നു. ‘ഒഎംകെവി’ എന്നായിരുന്നു ട്വിറ്ററിലൂടെ പാര്‍വതി ജൂഡിന് നല്‍കിയ മറുപടി.

അതേ സമയം സൈബര്‍ ആക്രമണ നടത്തിയവര്‍ക്കെതിരെ നടി പാര്‍വ്വതി ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് പരാതി നല്‍കി. നടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു. കൊച്ചി സൈബര്‍സെല്ലിനാണ് അന്വേഷണ ചുമതല. സാമൂഹ്യമാധ്യമങ്ങളിലൂടെ അപവാദപ്രചാരണവും ഭീഷണിയും നടത്തിയവരുടെ പേരുവിവരങ്ങള്‍ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്.