കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയിനെ ഭീഷണിപ്പെടുത്തുകയും അപകീര്‍ത്തികരമായി സംസാരിക്കുകയും ചെയ്തതിന് സംവിധായകന്‍ ജൂഡ് ആന്റണിക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. സിനിമാ ഷൂട്ടിങിനായി എറണാകുളത്തെ സുഭാഷ് പാര്‍ക്ക് വിട്ടു നല്‍കണമെന്ന ആവശ്യം നിരാകരിച്ചതിനാണ് ജൂഡ് ആന്റണി മേയറെ ഭീഷണിപ്പെടുത്തിയത്. ഇത്തരം ആവശ്യങ്ങള്‍ക്ക് പാര്‍ക്ക് അനുവദിക്കാറില്ലെന്ന് അറിയിച്ച മേയറെ അസഭ്യ വര്‍ഷം നടത്തിയ ജൂഡ് അപകീര്‍ത്തിയകരമായി സംസാരിച്ചതായി പരാതിയില്‍ പറയുന്നു. ഭീഷണിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ജൂഡിനെതിരെ ചുമത്തിയിരിക്കുന്നത്. സ്റ്റേഷനില്‍ ഹാജരാകണമെന്ന് ജൂഡിനോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെയും ഹാജരായിട്ടില്ല.
ശനിയാഴ്ച രാവിലെയോടെയാണ് കേസിനാസ്പദമായ സംഭവം. കോര്‍പ്പറേഷന്‍ കൗണ്‍സില്‍ പാസാക്കിയ നിയമപ്രകാരം സുഭാഷ് പാര്‍ക്ക് ഷൂട്ടിങിന് വിട്ടു നല്‍കാനാവില്ലെന്ന മേയറുടെ നിലപാടാണ് ജൂഡ് ആന്റണിയെ ചൊടിപ്പിച്ചത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് മേയര്‍ ഇതുസംബന്ധിച്ച പരാതി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയത്.