തിരുവനന്തപുരം: ദുബൈയില്‍ നിന്ന് 13 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി. തനിക്കെതിരെ ഉയര്‍ന്ന പരാതി വ്യാജമാണെന്നാണ് ബിനോയിയുടെ വാദം. 2014ലെ സംഭവങ്ങളെക്കുറിച്ചാണ് ഇപ്പോള്‍ പരാതി ഉയര്‍ന്നിരിക്കുന്നതെന്നും അതിനു പിന്നില്‍ എന്തു സംഭവിച്ചുവെന്ന് അറിയില്ലെന്നും ബിനോയ് പറഞ്ഞു.
കൊട്ടാരക്കര സ്വദേശി രാഹുല്‍ കൃഷ്ണയുമായി ചേര്‍ന്ന് ദുബൈയില്‍ ബിസിനസ് ആരംഭിക്കാന്‍ ആലോചിച്ചിരുന്നു. അതിന്റെ ഭാഗമായി ചില സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഉയര്‍ന്ന പരാതിയില്‍ പറഞ്ഞ പണം രാഹുല്‍ കൃഷ്ണക്കു തിരിച്ചു കൊടുത്തതാണ്. രാഹുല്‍ കൃഷ്ണ അതു ബാങ്കില്‍ നല്‍കിയിട്ടുണ്ടായിരുന്നില്ല. ഇതിനു പിന്നാലെയുണ്ടായ പണമിടപാട് സംബന്ധിച്ച കേസുകള്‍ ഒത്തുതീര്‍പ്പായതാണ്. 60000 ദിര്‍ഹം ദുബൈ കോടതിയില്‍ പിഴ ഒടുക്കിയിട്ടുമുണ്ടെന്നുമാണ് ബിനോയിയുടെ വാദം.

സംഭവത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ അച്ഛന്‍ പറയുമെന്നും ബിനോയ് പറഞ്ഞു. എന്നാല്‍ കോടിയേരി ബാലകൃഷ്ണനോട് ഇതുസംബന്ധിച്ച് വിശദീകരണം മാധ്യമങ്ങള്‍ ആരാഞ്ഞപ്പോള്‍ മകന്‍ പ്രതികരിക്കുമെന്ന മറുപടിയാണ് ലഭിച്ചത്.