അഗര്‍ത്തല: ത്രിപുരയിലെ ബി.ജെ.പി വിജയത്തിന് പിന്നാലെ സി.പി.എമ്മുകാര്‍ക്കെതിരെ ബി.ജെ.പിയുടെ വ്യാപക ആക്രമണം. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ത്രിപുരയില്‍ വ്യാപകമായ അക്രമമാണ് അഴിച്ചുവിട്ടിരിക്കുന്നത്.

ത്രിപുര ജില്ലയിലെ സിദ്ധൈ മേഖലയിലെ രണ്ട് സി.പി.എം ഓഫീസുകള്‍ തീവെച്ച് നശിപ്പിച്ചു. പാര്‍ട്ടി ഓഫീസുകള്‍ ആക്രമിച്ചപ്പോള്‍ 240 പേര്‍ക്ക് പരിക്കേറ്റു. 1539 വീടുകള്‍ക്കുനേരെ ആക്രമണമുണ്ടായി. തീവയ്പ്പും ആക്രമണവും കൊള്ളയുമാണ് അരങ്ങേറുന്നതെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ബിജന്‍ ധര്‍ പറഞ്ഞു.


ഇന്നലെ ഉച്ചയോടെയാണ് സൗത്ത് ത്രിപുര ബലോണിയ കോളേജ് സോണില്‍ നിന്ന് ലെനിന്റെ പ്രതിമ ബി.ജെ.പി തകര്‍ക്കുന്നത്. വലിയ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് പതിറ്റാണ്ടുകള്‍ പഴക്കമുള്ള പ്രതിമ തകര്‍ത്തത്. തകര്‍ക്കുന്ന സമയത്ത് അക്രമികള്‍ ‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിച്ചിരുന്നുവെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിമ തകര്‍ക്കുന്ന ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍മീഡിയയിലടക്കം പ്രചരിച്ചുകഴിഞ്ഞു.

പ്രതിമ മറിച്ചിട്ട ശേഷം പ്രതിമയുടെ തല മുറിച്ചുമാറ്റുകയും ചെറുകഷ്ണങ്ങളാക്കി തകര്‍ക്കുകയും ചെയ്തതായും ഇതുപയോഗിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ ഫുട്‌ബോള്‍ കളിച്ചതായും സി.പി.എം നേതാവ് തപസ് ദത്ത പറഞ്ഞു. ബി.ജെ.പിയുടെ ‘കമ്യൂണിസം ഫോബിയ’ ആണ് ഇത്തരം പ്രവൃത്തികളിലൂടെ വെളിവാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുടര്‍ച്ചയായി 21 വര്‍ഷം അധികാരത്തില്‍ പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി 2013ല്‍ ആണ് ലെനിന്‍ പ്രതിമ സ്ഥാപിച്ചത്. മൂന്നു ലക്ഷം രൂപ ചിലവില്‍ നിര്‍മിച്ച പ്രതിമക്ക് 11.5 അടി ഉയരമുണ്ട്.