ഭോപാല്‍: ബിജെപി ഓഫിസിലെ ലൈബ്രറിയില്‍വെച്ച് ലൈംഗികാതിക്രമം നേരിട്ടതായി യുവ പ്രവര്‍ത്തക. ഭോപാലിലെ ബിജെപി സംസ്ഥാന ഓഫിസിലെ നാനാജി ദേശ്മുഖ് ലൈബ്രറിയില്‍ വെച്ചാണ് അതിക്രമം നേരിട്ടതെന്ന് യുവതി പുറത്തുവിട്ട വിഡിയോയില്‍ പറയുന്നു.

സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട യുവതിയുടെ വിഡിയോ വന്‍തോതില്‍ പ്രചരിച്ചിരുന്നു. ലൈബ്രറിയില്‍വെച്ച് നേരിട്ട ദുരനുഭവം യുവതി വിഡിയോയിലൂടെ വിവരിക്കുകയായിരുന്നു. ‘ചെറിയ പട്ടണത്തില്‍ ജീവിക്കുന്നയാളാണ് ഞാന്‍. ബിജെപിയോടും രാജ്യത്തോടുമുള്ള പ്രതിബദ്ധത മൂലമാണ് ഭോപാലിലെത്തിയത്. പാര്‍ട്ടിയെക്കുറിച്ച് ആഴത്തില്‍ മനസിലാക്കുന്നതിന് 18 മുതല്‍ 24 മണിക്കൂര്‍ വരെ ദിവസവും ചെലവഴിക്കാറുണ്ട്. അതിന്റെ ഭാഗമായി ഭോപാല്‍ ബിജെപി ഓഫിസിലെ നാനാജി ദേശ്മുഖ് ലൈബ്രറിയിലും സമയം ചെലവഴിക്കും.

‘പക്ഷേ കഴിഞ്ഞ കുറച്ചു മാസങ്ങളായി, നിരന്തരം അപമാനം നേരിടുകയാണ്. അത് അപലപനീയവുമാണ്. മാര്‍ച്ച് 12ന് മുതിര്‍ന്ന ഒരു മനുഷ്യന്‍ ലൈബ്രറിയില്‍വെച്ച് തന്നെ അതിക്രമിച്ചു. നിരവധി തവണ തന്നെ വീട്ടിലേക്ക് വരണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തു. കൂടാതെ തന്റെ മോട്ടോര്‍ബൈക്കില്‍ അയാളെ വീട്ടിലെത്തിക്കാന്‍ നിര്‍ബന്ധിച്ചു’ യുവതി പറഞ്ഞു.

ആരോപണം ഉന്നയിച്ച യുവതിക്ക് മാത്രമല്ല ഇത്തരം ദുരനുഭവം നേരിട്ടതെന്നാണ് പുറത്തുവരുന്ന വിവരം. മറ്റൊരു മുതിര്‍ന്ന വനിത നേതാവിനെയും ഇയാള്‍ നിരന്തരം ഫോണില്‍ വിളിച്ച് ശല്യം ചെയ്തതായും പറയുന്നു. തുടര്‍ന്ന് അയാളുടെ ഫോണ്‍ നമ്പര്‍ വനിത നേതാവ് ബ്ലോക്ക് ചെയ്യുകയായിരുന്നുവെന്നും പറയുന്നു.

അതിക്രമം നേരിട്ട വിവരം ലൈബ്രറി ചുമതലയുള്ളയാളോട് പറഞ്ഞപ്പോള്‍, സഹായം നല്‍കാതെ അയാള്‍ തന്റെ ഫോണും മറ്റു പ്രധാന വസ്തുക്കളും സൂക്ഷിച്ചിരുന്ന ബാഗ് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നുവെന്നും ഇനി ലൈബ്രറിയില്‍ പ്രവേശിപ്പിക്കില്ലെന്ന് പറഞ്ഞതായും യുവതി ആരോപിച്ചു. കൂടാതെ സദാസമയവും ഒരു പുരുഷ പാര്‍ട്ടി നേതാവ് തന്നെ പിന്തുടരുന്നുണ്ടെന്നും യുവതി പറഞ്ഞു.