തിരുവനന്തപുരം: ഹിന്ദുസംഘടനകള്‍ പ്രഖ്യാപിച്ച അപ്രതീക്ഷിത ഹര്‍ത്താലില്‍ സംസ്ഥാനം സ്തംഭിച്ചു. ബസുകള്‍ക്ക് നേരെ കല്ലേറ് നടത്തിയും ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ പോലും തടസപ്പെടുത്തിയും സംസ്ഥാനത്ത് പരക്കെ അക്രമമുണ്ടായി. പത്തനംതിട്ട ഉള്‍പെടെയുള്ള തെക്കന്‍ജില്ലകളില്‍ ശക്തമായിരുന്ന ഹര്‍ത്താല്‍, അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയ ശബരിമല തീര്‍ത്ഥാടകരെയാണ് കാര്യമായി ബാധിച്ചത്. പൊലീസിന്റെ നിര്‍ദ്ദേശം അവഗണിച്ച് സന്നിധാനത്തേക്ക് കടക്കാന്‍ ശ്രമിച്ച ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് ദേശീയ പാതയിലടക്കം മിക്ക ജില്ലകളിലും ഹര്‍ത്താലനുകൂലികള്‍ സ്വകാര്യ വാഹനങ്ങള്‍ക്കും കെ.എസ്.ആര്‍.ടി.സിക്കു നേരെയും കല്ലേറ് നടത്തി. തിരുവനന്തപുരം ബാലരാമപുരത്ത് കെ.എസ്.ആര്‍.ടി.സി ബസുകളക്ക് നേരെ കല്ലേറുണ്ടായി. ആലപ്പുഴ, കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലകളിലും കെ.എസ്.ആര്‍.ടി.സിക്കെതിരെ ആക്രമണം ഉണ്ടായി. വ്യാപക അക്രമമുണ്ടായതോടെ പൊലീസിന്റെ സുരക്ഷയില്ലാതെ ബസുകള്‍ സര്‍വീസ് നടത്തില്ലെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കേരി സര്‍ക്കാരിനെ അറിയിച്ചു. പിന്നീട് പൊലീസ് സുരക്ഷയോടെയാണ് ബസുകള്‍ സര്‍വീസ് നടത്തിയത്.
എന്നാല്‍ തിരുവനന്തപുരത്ത് നിന്ന് പമ്പയിലേക്കുള്ള ബസ് സര്‍വീസ് പൊലീസ് സംരക്ഷണം കിട്ടാത്തതിനാല്‍ വൈകി. പൊലീസ് സംരക്ഷണമില്ലെങ്കില്‍ പോകാനാകില്ലെന്ന് തമ്പാനൂര്‍ ഡിപ്പോ അധികൃതര്‍ നിലപാടെടുത്തതോടെയാണ് സര്‍വീസ് വൈകിയത്. കുട്ടികളും വൃദ്ധരുമടക്കമുള്ള തീര്‍ത്ഥാടകരാണ് യാത്ര തുടരാനാകാതെ കുടുങ്ങിയത്. പിന്നീട് പൊലീസ് സംരക്ഷണം ഉറപ്പാക്കിയതോടെയാണ് സര്‍വീസ് ആരംഭിച്ചത്. സ്വകാര്യബസ്സുകള്‍ക്കും വാഹനങ്ങള്‍ക്കും പുറമേ കെ.എസ്.ആര്‍.ടി.സിയും സര്‍വീസ് നിര്‍ത്തിയതിനാല്‍ സംസ്ഥാനത്ത് പൊതുഗതാഗതം പൂര്‍ണമായും സ്തംഭിച്ച അവസ്ഥയിലായി. ദീര്‍ഘദൂരബസ്സുകള്‍ക്ക് സുരക്ഷയൊരുക്കാന്‍ കഴിയില്ലെന്ന് അറിയിച്ചതോടെയാണ് കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ നിര്‍ത്തിയത്. ലോക്കല്‍ ഗതാഗതത്തിനുള്ള ബസ്സുകളും ഇന്ന് ഓടിക്കേണ്ടെന്ന തീരുമാനം കെ.എസ്.ആര്‍.ടി.സിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതോടെ സംസ്ഥാനത്ത് റോഡ് ഗതാഗതം പൂര്‍ണ്ണമായും തടയപ്പെട്ടു. നഗരങ്ങളില്‍ ചുരുക്കം ചില സ്വകാര്യവാഹനങ്ങളും ഇരുചക്ര വാഹനങ്ങളും മാത്രമാണ് ഓടിയത്. അതേസമയം പുലര്‍ച്ചെ മൂന്ന് മണിക്ക് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ അയ്യപ്പഭക്തര്‍ പല സ്ഥലങ്ങളില്‍ കുടുങ്ങി കിടക്കേണ്ടിവന്നു. സാധാരണ മണ്ഡലകാലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുമ്പോള്‍ തീര്‍ത്ഥാടന മേഖലയായ പത്തനംതിട്ടയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കാറുണ്ട്. എന്നാല്‍ ഇത്തവണത്തെ ഹര്‍ത്താലില്‍ നിന്ന് പത്തനംതിട്ടയെ ഒഴിവാക്കാതിരുന്നതാണ് അയ്യപ്പ ഭക്തരെ വലച്ചു.
തൃശൂരില്‍ ബസ് സര്‍വീസുകള്‍ ഉണ്ടായിരുന്നില്ല. സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറങ്ങിയിട്ടുണ്ടെങ്കിലും പലയിടത്തും പ്രതിഷേധക്കാര്‍ തടയുകയാണ്. കൈപ്പറമ്പില്‍ കടകളടപ്പിക്കാന്‍ ശ്രമിച്ച വി.എച്ച്.പി ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദേശീയപാത മണ്ണുത്തിയില്‍ രാവിലെ വാഹനങ്ങള്‍ തടയാന്‍ ശ്രമം നടന്നു. ആലപ്പുഴയില്‍ സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞ ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അമ്പലപ്പുഴയിലെ വളഞ്ഞവഴിയില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ ഭാഗികമായിരുന്നു. വിനോദ സഞ്ചാര മേഖലകളില്‍ വാഹനങ്ങള്‍ സര്‍വീസ് നടത്തി. ജില്ലയിലെ പ്രധാന വിനോദസഞ്ചാര മേഖലയായ മൂന്നാറില്‍ കടകള്‍ തുറന്നു പ്രപവര്‍ത്തിക്കുന്നുണ്ട്. രാജമലയടക്കമുള്ള പാര്‍ക്കുകളില്‍ സഞ്ചാരികളുടെ തിരക്കുണ്ടായിരുന്നു. അടിമാലി, രാജക്കാട്, കട്ടപ്പന, ചെറുതോണി മേഖലകളില്‍ ചെറിയ തോതില്‍ വാഹനങ്ങള്‍ തടഞ്ഞെങ്കിലും പോലീസ് ഇടപെട്ട് കടത്തിവിട്ടു.
കോഴിക്കോട് ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉള്‍പ്പെടെ സ്വകാര്യ വാഹനങ്ങള്‍ ഓടിയില്ല. റോഡിലിറങ്ങിയ സ്വകാര്യ കാര്‍ ഉള്‍പെടെയുള്ള വാഹനങ്ങള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പലയിടങ്ങളിലും തടഞ്ഞിട്ടു. ഇത് മിക്കയിടങ്ങളിലും വാക്കേറ്റത്തിനും സംഘര്‍ഷത്തിനും ഇടയാക്കി. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലിറങ്ങിയ യാത്രക്കാര്‍ വാഹനം കിട്ടാതെ ആറ് മണിക്ക് ശേഷമാണ് യാത്ര തുടര്‍ന്നത്.