ബംഗളൂരു: 500 കോടി രൂപ ചെലവഴിച്ചു നടത്തുന്ന ഖനി രാജാവും മുന്‍ ബി.ജെ.പി മന്ത്രിയുമായ ജനാര്‍ദന റെഡ്ഢിയുടെ മകളുടെ ആര്‍ഭാട വിവാഹത്തിന് ആശംസകളുമായി മുതിര്‍ന്ന ബി. ജെ.പി നേതാക്കളുടെ ഒഴുക്ക്. കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ, ബിജെപി കര്‍ണാടക പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ്. യെദിയൂരപ്പ, പ്രതിപക്ഷ നേതാവ് ജഗദീഷ് ഷെട്ടാര്‍, ഗവര്‍ണര്‍ വാജുഭായ് വല്ല, പാര്‍ലമെന്റ് അംഗം ശോഭ കരന്തല്‌ജെ, സി.ടി രവി എം.എല്‍.എ, മുന്‍ മന്ത്രി കട്ട സുബ്രമണ്യ നായിഡു, ബി.ജെ.പി ദേശീയ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയ, ആര്‍.എസ്.എസ് നേതാവ് കലട്ക പ്രഭാകര്‍ ഭട്ട് തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തു.
സദാനന്ദ ഗൗഡ കുടുംബ സമേതമാണ് ചടങ്ങിനെത്തിയത്. വിവാഹത്തില്‍ പങ്കെടുക്കരുതെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംസ്ഥാന ആഭ്യന്തര മന്ത്രി ജി പരമേശ്വര, വൈദ്യുതി മന്ത്രി ഡി.കെ ശിവകുമാര്‍, ഗതാഗത മന്ത്രി രാമലിംഗ റെഡ്ഢി എന്നിവരും ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെയുള്ള വി.വി.ഐ.പികളും വിവാഹത്തില്‍ സംബന്ധിച്ചു. ക്ഷണിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി സി.എം സിദ്ധാരാമയ്യ, മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ എന്നിവര്‍ പങ്കെടുത്തില്ല. ബംഗളൂരു പാലസ് ഗ്രൗണ്ടില്‍ ഒരുക്കിയ പടുകൂറ്റന്‍ സെറ്റിലാണു ജനാര്‍ദന റെഡ്ഢിയുടെ മകള്‍ ബ്രാഹ്മിണിയുടെ കഴുത്തില്‍ രാജീവ് റെഡ്ഡി താലി ചാര്‍ത്തി.
ഞായറാഴ്ച ഹൈദരാബാദില്‍ നടക്കുന്ന സല്‍ക്കാരത്തോടെയാണു വിവാഹാഘോഷങ്ങള്‍ സമാപിക്കുന്നത്. കള്ളപ്പണത്തെ നേരിടാനായി നോട്ട് നിരോധനം കൊണ്ടുവന്ന കേന്ദ്രസര്‍ക്കാര്‍ മുന്‍ ബി.ജെ.പി മന്ത്രിയുടെ കോടികള്‍ പൊടിച്ചുള്ള വിവാഹ മാമാങ്കം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. അതേസമയം വിവാഹത്തിനുള്ള പണത്തിന്റെ ഉറവിടത്തെക്കുറിച്ചും നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടോ എന്നതും ആദായനികുതി വകുപ്പ് പരിശോധിക്കും. ബംഗളൂരുവിലെ അഭിഭാഷകനായ ടി നരസിംഹ മൂര്‍ത്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. അനധികൃത ഖനന കേസില്‍ അറസ്റ്റിലായ റെഡ്ഢി നാല്‍പത് മാസത്തെ ജയില്‍ വാസത്തിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് പുറത്തിറങ്ങിയത്.