തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത ചടങ്ങില്‍ കറുത്ത ഷര്‍ട്ടിട്ട് വീഡിയോ പിടിക്കാനെത്തിയ യുവാവിന് പൊലീസ് വിലക്ക്. കഴിഞ്ഞ ദിവസം ടൗണ്‍ ഹാളില്‍ നടന്ന കലാ സാംസ്‌കാരിക പ്രവര്‍ത്തകരുടെ ചടങ്ങിലായിരുന്നു സംഭവം. നവകേരള സൃഷ്ടിക്ക് വീണ്ടെടുപ്പ് പദ്ധതിയുടെയും കേരള സാഹിത്യ അക്കാദമി പ്രസിദ്ധീരിക്കുന്ന പ്രളയാക്ഷരങ്ങള്‍ പുസ്തക പ്രകാശനവുമായിരുന്നു ചടങ്ങില്‍.

മുഖ്യമന്ത്രി പരിപാടിക്കെത്തുംമുന്‍പേ കറുത്ത ഷര്‍ട്ടിട്ട് സ്ഥലത്തെത്തിയ ഫ്രീലാന്‍സ് വീഡിയോ ഗ്രാഫറായ തൃശൂര്‍ സ്വദേശി ശ്രീജിത്തിനോടാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ കറുത്ത ഷര്‍ട്ടിട്ട് വീഡിയോ പിടിക്കാന്‍ കഴിയില്ലെന്നറിയിച്ചത്. സംഘാടകര്‍ ആവശ്യപ്പെട്ട് വീഡിയോ പിടിക്കാനെത്തിയതാണെന്നും എന്താണ് കറുത്ത ഷര്‍ട്ടിടരുതെന്ന് പറയുന്നതെന്നും ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിയെത്തുമ്പോള്‍ കറുത്ത ഷര്‍ട്ടൂരി കരിങ്കൊടി കാട്ടാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് ഉദ്യോഗസ്ഥന്‍ മറുപടി പറഞ്ഞത്.

തുടര്‍ന്ന് ടൗണ്‍ഹാളിന് പുറത്തുപോയി കറുത്ത ഷര്‍ട്ട് മാറി വേറൊരു നീല ഷര്‍ട്ട് വാങ്ങിയിട്ടതിനു ശേഷമാണ് വീഡിയോ പിടിക്കാന്‍ ശ്രീജിത്തിനെ പൊലീസ് സമ്മതിച്ചത്.