Connect with us

News

കഴുത്തിലെ കറുപ്പ് നിസാരമല്ല; ചില രോഗങ്ങളുടെ മുന്നറിയിപ്പാകാം

കഴുത്തിലോ ശരീരത്തിലെ മറ്റ് മടക്കുകളിലോ കാണുന്ന കറുപ്പ് നിസാരമായി തള്ളിക്കളയാതെ ശരിയായ പരിശോധനകളും വൈദ്യപരിശോധനയും നടത്തുന്നത് ആരോഗ്യസംരക്ഷണത്തിന് അത്യന്താപേക്ഷിതമാണെന്ന് ഡോക്ടര്‍മാര്‍ ഓര്‍മ്മിപ്പിക്കുന്നു.

Published

on

കഴുത്ത്, കക്ഷം, കൈകാല്‍ മുട്ടുകള്‍ തുടങ്ങിയ ശരീരത്തിലെ മടക്കുകളിലുണ്ടാകുന്ന കറുത്ത നിറം പലരും സാധാരണ ചര്‍മപ്രശ്‌നമായി അവഗണിക്കാറുണ്ട്. എന്നാല്‍ ഇത് അകന്തോസിസ് നിഗ്രിക്കന്‍സ് (Acanthosis Nigricans) എന്ന രോഗാവസ്ഥയുടെ ലക്ഷണമാകാനും ചില ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുടെ സൂചനയാകാനും സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

അകന്തോസിസ് നിഗ്രിക്കന്‍സ് സാധാരണയായി കഴുത്തിന്റെ മടക്കുകള്‍, കക്ഷം, കൈകാല്‍ മുട്ടുകള്‍ തുടങ്ങിയ ഭാഗങ്ങളിലാണ് പ്രത്യക്ഷപ്പെടുന്നത്. ചര്‍മം ഇരുണ്ട നിറത്തിലാകുകയും സ്പര്‍ശിക്കുമ്പോള്‍ അല്പം കട്ടിയുള്ളതും ചിലപ്പോള്‍ ചെറിയ കുരുക്കുകള്‍ പോലെയും തോന്നാം. ഈ അവസ്ഥ ക്രമേണ വര്‍ധിക്കുമ്പോള്‍ ശരീരത്തിലെ ഇന്‍സുലിന്‍ പ്രതിരോധം കൂടുകയും അതിലൂടെ ടൈപ്പ്2 പ്രമേഹവും മെറ്റബോളിക് സിന്‍ഡ്രോമും രൂപപ്പെടാനുള്ള സാധ്യത ഉയരുകയും ചെയ്യുന്നു.

പ്രീഡയബറ്റിസും പ്രമേഹവുമായുള്ള ബന്ധം

ചര്‍മത്തിലെ ഈ ഇരുണ്ട നിറം ശരീരത്തില്‍ ഇന്‍സുലിന്റെ അളവ് കൂടുതലായിരിക്കുന്നതിന്റെ സൂചനയായിരിക്കാം. 20 മുതല്‍ 50 വയസ്സ് വരെ പ്രായമുള്ളവരില്‍, പ്രത്യേകിച്ച് ശരീരഭാരം കൂടുതലുള്ളവരില്‍, കഴുത്തിലും കൈമുട്ടുകളിലും ഇത്തരം കറുത്ത പാടുകള്‍ കൂടുതലായി കാണപ്പെടുന്നു. ഇത് പ്രീഡയബറ്റിസ് അവസ്ഥയിലേക്കുള്ള മുന്നറിയിപ്പായും കണക്കാക്കപ്പെടുന്നു.

പോഷകാഹാരക്കുറവും കാരണമാകാം

ചില സാഹചര്യങ്ങളില്‍, ചര്‍മത്തിന്റെ മടക്കുകളിലുണ്ടാകുന്ന ഇരുണ്ട നിറം വിറ്റാമിന്‍ ബി12ന്റെ കുറവ് മൂലമുള്ള ഹൈപ്പര്‍ പിഗ്മെന്‌റേഷനായിരിക്കാം. ഇത് മുഖം, കൈപ്പത്തികള്‍, ശരീരത്തിലെ മടക്കുള്ള ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ വ്യക്തമായി കാണപ്പെടുന്നു.

എപ്പോള്‍ ഡോക്ടറെ സമീപിക്കണം?

ചര്‍മത്തിലെ കറുപ്പ് വേഗത്തില്‍ പടരുക, കട്ടിയാവുക, ചൊറിച്ചില്‍ ഉണ്ടാവുക തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ ഡോക്ടറുടെ സഹായം തേടണം. അപൂര്‍വമായി ചില കേസുകളില്‍ അകന്തോസിസ് നിഗ്രിക്കന്‍സ് ആന്തരിക കാന്‍സറുകളുമായി പ്രത്യേകിച്ച് ആമാശയ കാന്‍സറുമായി പോലും ബന്ധപ്പെടുന്നുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അതിനാല്‍ കഴുത്തിലോ ശരീരത്തിലെ മറ്റ് മടക്കുകളിലോ കാണുന്ന കറുപ്പ് നിസാരമായി തള്ളിക്കളയാതെ ശരിയായ പരിശോധനകളും വൈദ്യപരിശോധനയും നടത്തുന്നത് ആരോഗ്യസംരക്ഷണത്തിന് അത്യന്താപേക്ഷിതമാണെന്ന് ഡോക്ടര്‍മാര്‍ ഓര്‍മ്മിപ്പിക്കുന്നു.

kerala

ഓണ്‍ലൈന്‍ തട്ടിപ്പ് ; യൂട്യൂബറും ബിഗ്‌ബോസ് താരവുമായ ബ്ലെസ്‌ലി പിടിയില്‍

കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പിലാണ് ബ്ലെസ്ലി കാക്കൂര്‍ പോലീസിന്റെ പിടിയിലായത്.

Published

on

കോഴിക്കോട്: യൂട്യൂബറും ബിഗ് ബോസ് താരവുമായ മുഹമ്മദ് ഡിലിജന്റ് ബ്ലെസ്‌ലി ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ പിടിയില്‍. കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പിലാണ് ബ്ലെസ്ലി കാക്കൂര്‍ പോലീസിന്റെ പിടിയിലായത്. ജോലി വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ വഴി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടത്തല്‍.

തട്ടിപ്പിലൂടെ ലഭിക്കുന്ന പണം മ്യൂള്‍ അക്കൗണ്ടുകള്‍ വഴി കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്നുമാസമായി ക്രൈംബ്രാഞ്ച് സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണ്. സമാന തട്ടിപ്പില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇനിയും നിരവധി പേരെ പിടികൂടാന്‍ ഉണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു.

 

Continue Reading

News

19കാരിക്കെതിരെ അന്യായമായി കേസെടുത്ത സംഭവം; വിദ്യാനഗര്‍ എസ്‌ഐയെ സ്ഥലംമാറ്റും

അന്വേഷണത്തില്‍ എസ്‌ഐക്ക് വീഴ്ച സംഭവിച്ചതായി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റാന്‍ തീരുമാനിച്ചത്.

Published

on

കാസര്‍കോട്: പത്തൊമ്പതുകാരിക്കെതിരെ അന്യായമായി കേസെടുത്ത സംഭവത്തില്‍ കാസര്‍കോട് വിദ്യാനഗര്‍ പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐയെ സ്ഥലംമാറ്റാന്‍ തീരുമാനം. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എം. സുനില്‍കുമാര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പോലീസ് മേധാവി നടപടി സ്വീകരിക്കുന്നത്.

കേസന്വേഷണത്തില്‍ എസ്‌ഐ അനൂപിന് ഗുരുതര വീഴ്ച സംഭവിച്ചതായാണ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത്. ഈ മാസം ഏഴാം തീയതിയാണ് മേനംകോട് സ്വദേശിനിയായ മാജിതയുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരന്‍ ഇരുചക്രവാഹനം ഓടിച്ചെന്നാരോപിച്ച് പൊലീസ് കേസെടുത്തത്. വൈകിട്ട് ആറരയോടെ ചെങ്കളയിലെ ഒരു ഫാര്‍മസിക്കു സമീപം മാജിത സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്ത് ജോലിക്ക് പോയിരുന്നു. തുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് സ്‌കൂട്ടറിനടുത്തേക്ക് എത്തിയ സഹോദരനെ കണ്ട പൊലീസ് കുട്ടിയാണ് വാഹനം ഓടിച്ചതെന്ന സംശയത്തെ തുടര്‍ന്ന് കേസെടുക്കുകയായിരുന്നു.

എന്നാല്‍ വാഹനം ഓടിച്ചത് മാജിതയാണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കുടുംബം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. സംഭവം വിവാദമായതോടെ ജില്ലാ പൊലീസ് മേധാവി വൈ.ബി. വിജയ് ഭാരത് റെഡ്ഡി സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എം. സുനില്‍കുമാറിനോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അന്വേഷണത്തില്‍ എസ്‌ഐക്ക് വീഴ്ച സംഭവിച്ചതായി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റാന്‍ തീരുമാനിച്ചത്.

Continue Reading

News

സൗദിയില്‍ കനത്ത മഴ; മലവെള്ളപ്പാച്ചിലില്‍ ഒട്ടക ലോറി മറിഞ്ഞു

വരും ദിവസങ്ങളില്‍ ശക്തമായ മഴ തുടരുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

Published

on

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നു. ഈ ആഴ്ച അവസാനിക്കുന്നതുവരെ ശക്തമായ മഴയ്ക്ക് സാധ്യതയുണണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി. മഴയെ തുടര്‍ന്ന് പല പ്രദേശങ്ങളിലും മലവെള്ളപ്പാച്ചിലും വെള്ളക്കെട്ടും രൂപപ്പെട്ടു. റിയാദ് നഗരത്തിന് കിഴക്കുള്ള വാദി അലി റോഡില്‍ ഒട്ടകങ്ങളുമായി സഞ്ചരിച്ചിരുന്ന ലോറി ശക്തമായ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് മറിഞ്ഞു.

കനത്ത മഴയ്ക്കു പിന്നാലെ താഴ്‌വരയില്‍ അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചില്‍ ഉണ്ടായതോടെയാണ് അപകടം. മറിഞ്ഞ ലോറിയില്‍ നിന്ന് ഒട്ടകങ്ങള്‍ താഴ്‌വരയിലേക്ക് വീണു. യാത്രക്കിടെ കയറുകള്‍ ഉപയോഗിച്ച് ഒട്ടകങ്ങളെ ബന്ധിച്ചിരുന്നതിനാല്‍ അപകടത്തിന് ശേഷം അവയ്ക്ക് ചലിക്കാനോ ലോറിയില്‍ നിന്ന് ദൂരെ മാറാനോ സാധിച്ചില്ല.

അപകടത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. അതേസമയം ദമാം ഉള്‍പ്പെടെയുള്ള കിഴക്കന്‍ പ്രവിശ്യയില്‍ ഇന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഈ മേഖലകളിലും വരും ദിവസങ്ങളില്‍ ശക്തമായ മഴ തുടരുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

Continue Reading

Trending