ഇസ്തംബൂള്‍: സിറിയയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ തുര്‍ക്കി സേനയുമായി ഏറ്റുമുട്ടുന്ന കുര്‍ദിഷ് വൈ.പി.ജി പോരാളികളുടെ കൂട്ടത്തില്‍ ബ്രിട്ടീഷുകാരുമുണ്ടെന്ന് റിപ്പോര്‍ട്ട്. സിറിയയിലെ അഫ്രീന്‍ നഗരത്തില്‍ കുര്‍ദിഷ് പോരാളികളോടൊപ്പമാണ് ഇവരുള്ളതെന്ന് ബി.ബി.സി പറയുന്നു. അന്താരാഷ്ട്ര സന്നദ്ധ പ്രവര്‍ത്തകരുടെ ഗ്രൂപ്പ് എന്നാണ് ഇവരെ വിശേഷിപ്പിച്ചിരിക്കുന്നത്. മാഞ്ചസ്റ്ററില്‍നിന്നുള്ള ചൈനീസ് വംശജനായ ഹുവാങ് ലെയ് ആണ് സംഘത്തിലുള്ള ഒരാള്‍. മഞ്ചസ്റ്റര്‍ സര്‍വകലാശാലയില്‍ പഠിച്ചുകൊണ്ടിരിക്കെയാണ് ഇയാള്‍ സിറിയയിലെത്തിയത്. 2015ല്‍ സിറിയയിലെത്തിയ ലെയ് ഐ.എസ് വിരുദ്ധ പോരാട്ടത്തില്‍ പങ്കുചേരുകയായിരുന്നു. ബ്രിട്ടീഷ് സംഘത്തിലെ പലരും പേരുകള്‍ വെളിപ്പെടുത്തിയില്ല. തുര്‍ക്കിയുടെ അധിനിവേശ സേനക്കെതിരെ പോരാടാന്‍ അഫ്രീനിലേക്ക് പോകുന്നതിന് തയാറാണ് തങ്ങളെന്ന് വൈ.പി.ജി പുറത്തുവിട്ട വീഡിയോയില്‍ അവര്‍ വ്യക്തമാക്കി. നഗരത്തെയും ജനങ്ങളെയും സംരക്ഷിക്കലാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബ്രിട്ടീഷ് അംഗങ്ങള്‍ പറയുന്നു. വൈ.പി.ജി പോരാളികളെ ഭീകരരായാണ് തുര്‍ക്കി കാണുന്നത്.
വിദേശത്തെ പോരാട്ട പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുരുതെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ബ്രിട്ടനില്‍ തിരിച്ചെത്തുമ്പോള്‍ നേരിടാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് തങ്ങള്‍ക്ക് പൂര്‍ണ ബോധ്യമുണ്ടെന്ന് അവര്‍ പറയുന്നു. ഐ.എസിനെതിരെയുള്ള നിരവധി പോരാട്ടങ്ങളില്‍ ഇവര്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ അഫ്രീനില്‍ തുര്‍ക്കി സേനയെ നേരിടുകയെന്നത് എളുപ്പമുള്ള കാര്യമല്ലെന്നും അവര്‍ വ്യക്തമാക്കി.