കുറഞ്ഞ മുതല്‍മുടക്കില്‍ 4ജി സേവനം എത്രയും വേഗം ലഭ്യമാക്കിയില്ലെങ്കില്‍ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്‍ 2 വര്‍ഷത്തില്‍ കൂടുതല്‍ പിടിച്ചുനില്‍ക്കില്ലെന്നു ജീവനക്കാര്‍. ഇക്കാര്യം വ്യക്തമാക്കി ബിഎസ്എന്‍എല്ലിലെ വിവിധ അസോസിയേഷനുകളുടെ സംയുക്ത സംഘടന ഓള്‍ യൂണിയന്‍ ആന്‍ഡ് അസോസിയേഷന്‍ ഓഫ് ബിഎസ്എന്‍എല്‍  പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദിനും കത്തയച്ചു.

അടുത്ത വര്‍ഷം പകുതിയോടെ 5ജി രാജ്യത്തു കൊണ്ടുവരാന്‍ സ്വകാര്യ കമ്പനികളായ റിലയന്‍സ് ജിയോ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുമ്പോഴാണു 4ജിയില്‍ കുടുങ്ങി ബിഎസ്എന്‍എല്‍ നില്‍ക്കുന്നത്. തദ്ദേശീയ കമ്പനികളെ മാത്രം ടെന്‍ഡറിനു ക്ഷണിച്ചതാണു 4ജി നടപ്പാക്കുന്നതിനു തടസ്സമായി നില്‍ക്കുന്നത്.

‘മെയ്ക് ഇന്‍ ഇന്ത്യ’ ശ്രമങ്ങള്‍ക്ക് ശക്തി പകരുകയാണു ലക്ഷ്യമെന്നു കേന്ദ്ര ടെലികോം മന്ത്രാലയം വിശദീകരിക്കുമ്പോഴും രാജ്യാന്തര കമ്പനികളെക്കാള്‍ 90% വരെ അധിക നിരക്കാണു ഇന്ത്യന്‍ കമ്പനികള്‍ ടെന്‍ഡറില്‍ കാണിച്ചിട്ടുള്ളത്. ജിയോ, വോഡഫോണ്‍ഐഡിയ, എയര്‍ടെല്‍ തുടങ്ങിയ സേവനദാതാക്കള്‍ നോക്കിയ, എറിക്‌സണ്‍, വാവെയ് തുടങ്ങിയ കമ്പനികളുടെ സാങ്കേതിക വിദ്യ ഉപയോഗിക്കുമ്പോഴാണു ബിഎസ്എന്‍എല്ലിനോട് മാത്രം വേര്‍തിരിവ്.

നിലവില്‍ പിടിച്ചുനില്‍ക്കാന്‍ 3ജി, 2 ജി ആയ ഇവയെല്ലാം 4 ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാമെന്നാണ് ജീവനക്കാരുടെ സംഘം അഭിപ്രായപ്പെട്ടിരിക്കുന്നത്.
ടെലികോം മേഖലയില്‍ ബിഎസ്എന്‍എല്‍ എല്ലാ ഭാഗത്തുനിന്നും ആക്രമണങ്ങള്‍ നേരിടുന്നുണ്ട്. ഐക്യത്തോടെ തുടര്‍ന്നില്ലെങ്കില്‍ ബിഎസ്എന്‍എല്‍ സംരക്ഷിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. മുന്‍കാലങ്ങളിലും, ജീവനക്കാര്‍ മാത്രമാണ് ബിഎസ്എന്‍എല്ലിനെ അവരുടെ പോരാട്ടങ്ങളിലൂടെ സംരക്ഷിച്ചത്, അല്ലാതെ മാനേജ്‌മെന്റ് അല്ല. ഏകീകൃത പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനായി എയുഎബി യില്‍ അംഗമാകാന്‍ അഭ്യര്‍ഥിച്ച് ഇതിനകം തന്നെ എല്ലാ യൂണിയനുകള്‍ക്കും അസോസിയേഷനുകള്‍ക്കും കത്ത് അയച്ചിട്ടുണ്ട്.