കോഴിക്കോട്: നഗരത്തില്‍ സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം.
സ്വകാര്യകമ്പനി ജീവനക്കാരിയായ വയനാട് സ്വദേശി അമ്പിളി വിജയന്‍ (26) ആണ് ബസ് കയറിയിറങ്ങി കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 9.40 മണിയോടെയാണ് അപകടം. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കുണ്ട്.

തൊണ്ടയാടുനിന്നും കോഴിക്കോട് മാവൂര്‍ റോഡിലെ ‘മൈ ജി വേള്‍ഡ് ‘ മൊബൈല്‍ കടയിലേക്ക് ജോലിക്ക് വരികയായിരുന്നു അമ്പിളി. കൂടരഞ്ഞി നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കെ.സി ബസാണ് അപകടം വരുത്തിയത്. സഹപ്രവര്‍ത്തകനായ റിനീഷ് (24) എന്ന യുവാവിന്റെ ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റ റിനീഷിനെ ഫയര്‍ ഫോഴ്‌സ് സംഘം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. ദാരുണമായ അപകടത്തെ തുടര്‍ന്ന് റോഡില്‍ പരന്ന രക്തവും മാംസാവശിഷ്ടങ്ങളും വെള്ളം പമ്പ് ചെയ്ത് നീക്കി. ഈ ഭാഗത്ത് റോഡിലേക്ക് അപകടകരമായി ചാഞ്ഞു നിന്നിരുന്ന മരവും ഫയര്‍ഫോഴ്‌സ് മുറിച്ചു മാറ്റി.