സതാംപ്ടണ്‍:ഇന്ത്യ-ഇംഗ്ലണ്ട് മൂന്ന് മല്‍സര ടി-20 പരമ്പരക്ക് ഇന്നിവിടെ തുടക്കം. രാത്രി 10-30 മുതല്‍ റോസ് ബൗളില്‍ നടക്കുന്ന മല്‍സരത്തില്‍ ഇന്ത്യയെ നയിക്കുന്നത് ഇടക്കാലത്തിന് ശേഷം രോഹിത് ശര്‍മയാണ്. ടീമിന്റെ സ്ഥിരം നായകനാണെങ്കിലും ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയില്‍ റിഷാഭ് പന്തും അയര്‍ലന്‍ഡിനെതിരായ മല്‍സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയുമാണ് ടീമിനെ നയിച്ചിരുന്നത്. രോഹിത് നായകസ്ഥാനത്തേക്ക് തിരികെ വരുന്നത് കോവിഡില്‍ നിന്നും മുക്തി നേടി കാര്യമായ പരിശീലനമില്ലാതെയാണ്.

രോഹിതിനെ മാറ്റിനിര്‍ത്തിയാല്‍ മറ്റ് സീനിയേഴ്‌സൊന്നും ആദ്യ മല്‍സരത്തിനില്ല. സഞ്ജു സാംസണ്‍ ഉള്‍പ്പെടെ മൂന്ന് വിക്കറ്റ് കീപ്പര്‍മാര്‍ സംഘത്തിലുണ്ട്. ഇഷാന്‍ കിഷനും ദിനേശ് കാര്‍ത്തിക്കും ഗ്ലൗസ് അണിയുമെന്നിരിക്കെ സഞ്ജുവിന് ബാറ്റര്‍ മാത്രമായി പരിഗണിക്കാനാണ് സാധ്യത. ആദ്യ മല്‍സരത്തിനുള്ള സംഘത്തില്‍ മാത്രമാണ് സഞ്ജുവുള്ളത്. വിരാത് കോലി ഉള്‍പ്പെടെയുളളവര്‍ ഇല്ലെന്നിരിക്കെ മധ്യനിരയില്‍ ബാറ്റര്‍ എന്ന നിലയില്‍ മലയാളി താരത്തിന് അവസരമുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. ഇഷാന്‍ കിഷനും രോഹിതും ഇന്നിംഗ്‌സിന് തുടക്കമിടുമ്പോള്‍ മൂന്നാം നമ്പറില്‍ ദിപക് ഹുദ വരും. നാലാം നമ്പറില്‍ സഞ്ജുവിനെ പരിഗണിക്കും.

പുതിയ നായകന്‍ ജോസ് ബട്‌ലര്‍ക്ക് കീഴിലാണ് ഇംഗ്ലണ്ട് കളിക്കുന്നത്. ഇയാന്‍ മോര്‍ഗന്‍ വിരമിച്ച ശേഷം പുതിയ നായകന് കീഴില്‍ ഇംഗ്ലണ്ട് കളിക്കുന്ന ആദ്യ മല്‍സരമാണിത്. കഴിഞ്ഞ ദിവസത്തെ ടെസ്റ്റ് തോല്‍വിയില്‍ നിന്നും മുഖം രക്ഷിക്കാന്‍ ഇന്ത്യക്കുള്ള അവസരമാണെങ്കിലും ബട്‌ലര്‍ സംഘത്തില്‍ ജാസോണ്‍ റോയ്, ലിയാം ലിവിങ്സ്റ്റണ്‍, മോയിന്‍ അലി തുടങ്ങിയ കരുത്തരാണുള്ളത്.