ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ മുന്‍ മുഖ്യമന്ത്രി ജെ.ജയലളിതയുടെ മണ്ഡലമായ ആര്‍.കെ നഗര്‍ ഉള്‍പ്പെടെ അഞ്ചു നിയമസഭാ മണ്ഡലങ്ങളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്. രാവിലെ എട്ടിന് ആരംഭിച്ച ഉപതെരഞ്ഞെടുപ്പില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആര്‍.കെ നഗറില്‍ 256 കേന്ദ്രങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. അണ്ണാഡിഎംകെയുടെ ഇ.മധുസൂദനന്‍, ഡി.എം.കെയുടെ മരുതു ഗണേഷ്, സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി.ടി.വി ദിനകരന്‍ എന്നിവര്‍ തമ്മിലാണ് പ്രധാന മത്സരം. ഒ.പനീര്‍സെല്‍വവും പളനിസ്വാമിയും മന്ത്രിമാരും സ്ഥാനാര്‍ത്ഥി ഇ.മധുസൂദനനുവേണ്ടി മണ്ഡലത്തില്‍ ശക്തമായ പ്രചാരണമാണ് നടത്തിയത്. എന്നാല്‍ അട്ടിമറി വിജയം പ്രതീക്ഷിച്ച് ജയലളിതയുടെ ആസ്പത്രി വാസകാലത്തെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ടി.ടി.വി ദിനകരനും നീക്കം നടത്തിയിരുന്നു. അവസാനവട്ട തന്ത്രമെന്ന നിലക്കാണ് ജയലളിതയുടെ ആസ്പത്രി ദൃശ്യങ്ങള്‍ ദിനകരന്‍ പുറത്തുവിട്ടത്.
ഉത്തര്‍പ്രദേശിലെ സിക്കന്ദ്ര, പശ്ചിമബംഗാളിലെ സബാംഗ്, അരുണാചല്‍പ്രദേശിലെ പാക്കേ കസാംഗ്, ലിക്കാബലി എന്നിവിടങ്ങളാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു മണ്ഡലങ്ങള്‍.