ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്റെ പേരില്‍ മോദി സര്‍ക്കാറിന്റെ മറ്റൊരു തള്ള് കൂടി പൊളിയുന്നു. നോട്ട് നിരോധനത്തോടെ ജമ്മുകശ്മീരിലെ ഭീകര പ്രവര്‍ത്തനങ്ങളില്‍ കാര്യമായ മാറ്റം വന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചു.
എന്നാല്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭീകര പ്രവര്‍ത്തനങ്ങളിലും മാവോയിസ്റ്റ് ആക്രമണങ്ങളുടെ കാര്യത്തിലും ചില മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി. രാജ്യത്തെ സുരക്ഷയുടെ കാര്യത്തില്‍ നോട്ട് നിരോധനത്തിന് ശേഷം പുരോഗതിയുണ്ടായെങ്കിലും ജമ്മുകശ്മീരില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഭീകരാക്രമണങ്ങളുടെ എണ്ണത്തില്‍ വര്‍ധനവാണുണ്ടായതെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ് രാജ് ആഹിര്‍ വ്യക്തമാക്കി. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെയുള്ള കല്ലേറ് കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ലോക്‌സഭയെ അറിയിച്ചു. 2016 നവംബര്‍ ഒന്നിനും 2017 ഒക്‌ടോബര്‍ 31നും ഇടയില്‍ ജമ്മുകശ്മീരില്‍ 341 ഭീകരാക്രമണങ്ങള്‍ നടന്നതായും മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 311 ഭീകരാക്രമണങ്ങളാണ് നടന്നതെന്നും ഹര്‍സ് രാജ് ആഹിര്‍ ലോക്‌സഭയെ രേഖാമൂലം അറിയിച്ചു.
അതേ സമയം മാവോയിസ്റ്റ് ആക്രമണങ്ങള്‍ 1078ല്‍ നിന്നും 857 ആയി കുറഞ്ഞിട്ടുണ്ട്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭീകരാക്രമണങ്ങള്‍ 507ല്‍ നിന്നും 323 ആയി കുറഞ്ഞതായും അദ്ദേഹം സഭയെ അറിയിച്ചു. മാവോയിസ്റ്റുകളില്‍ നിന്നും നോട്ട് നിരോധനത്തിനു ശേഷം 90 ലക്ഷം രൂപ പിടിച്ചെടുത്തതായും 564 പേര്‍ കീഴടങ്ങിയതായും മന്ത്രി പറഞ്ഞു.
നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ 771 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായും രാജ്യാന്തര അതിര്‍ത്തിയില്‍ 110 തവണയും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായും അദ്ദേഹം പറഞ്ഞു. മുന്‍ വര്‍ഷം ഇത് യഥാക്രമം 228, 221 എന്നിങ്ങനെയായിരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ടുള്ള ആക്രമണത്തില്‍ 14 സൈനികരും നാല് ബി.എസ്.എഫ് ജവാന്‍മാരും രണ്ട് സിവിലിയന്‍മാരും കൊല്ലപ്പെട്ടതായും ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
നോട്ട് നിരോധനത്തോടെ ജമ്മുകശ്മീരിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ നിലച്ചുവെന്ന ബി. ജെ.പിയുടെ അവകാശ വാദം തെറ്റെന്ന് തെളിയിക്കുന്നതാണ് മന്ത്രിയുടെ ലോക്‌സഭയിലെ മറുപടി.