കോഴിക്കോട്: മെഡിക്കല്‍ കോളേജിനോടനുബന്ധിച്ച് സാമൂഹു സുരക്ഷാ മിഷന്‍ വിശപ്പുരഹിത നഗരം പദ്ധതിയുടെ ഭാഗമായി അത്യാഹിത വിഭാഗത്തിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന കാന്റീനില്‍ ഭക്ഷണം കഴിക്കവെ കാരന്തൂരിനടുത്ത് കോണോട്ട് സ്വദേശിനിക്ക് ഭക്ഷണത്തില്‍ നിന്നും ചത്ത എലിയുടെ അവശിഷ്ടങ്ങള്‍ കണ്ടതിനെ തുടര്‍ന്നുണ്ടായ ബഹളത്തെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച ആരോഗ്യ വകുപ്പ് അധികൃതര്‍ താല്‍ക്കാലികമായി കാന്റീന്‍ അടപ്പിച്ചിരുന്നു.

ആശുപത്രിയില്‍ എത്തുന്ന രോഗികളുംകൂട്ടിരുപ്പ് കാരുമായി ദിനംപ്രതി 1500 ഓളം പേരാണ് കാന്റീനില്‍ നിന്നും ഭക്ഷണം കഴിച്ചു വരുന്നത്.1200 ല്‍ അധികം പേര്‍ ഭക്ഷണം കഴിച്ച് പോയതിന് ശേഷമാണ് പിന്നീട് വന്ന യുവതിക്ക് നല്‍കിയ ഭക്ഷണത്തില്‍ എലിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

തുടര്‍ന്ന് രോഗികളുടെ കൂട്ടിരിപ്പുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് കാന്റീന്‍ ജീവനക്കാര്‍ ഓടിപ്പോവുകയും രാഷ്ട്രീയ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ ആശുപത്രി പരിസരത്ത് പ്രകടനം നടത്തുകയും ചെയ്തിരുന്നു. ആശുപത്രി അധികൃതരും സാമൂഹ്യ സുരക്ഷാ മിഷനും ജില്ലാ ഭരണകൂടവും ഗൗരവമായി വിഷയം കൈകാര്യം ചെയ്തതിനെ തുടര്‍ന്നാണ് ബദല്‍ സംവിധാനം ഒരുങ്ങിയത്.

ജില്ലാ ജയിലില്‍ നിന്നും നിര്‍മ്മിക്കപ്പെടുന്ന ചപ്പാത്തിയും കറിയും ഒരുക്കിയാണ് വെള്ളിയാഴ്ച അധികൃതര്‍ ബദല്‍ സംവിധാനം ഒരുക്കിയത്. നിലവില്‍ ഒരാള്‍ക്ക് ഊണിന് 12 രൂപ നിരക്കിലാണ് സാമൂഹ്യ സുരക്ഷാ മിഷന്‍ ടെന്‍ണ്ടര്‍ നല്‍കിയിരുന്നത്. ഇപ്പോള്‍ ഒരാള്‍ക്ക് 4 ചപ്പാത്തിയും മുട്ടക്കറിയോ അല്ലെങ്കില്‍ പച്ചക്കറിയോ നല്‍കും ആയതിന് 23 രൂപ നിരക്കാണ് ജയിലധികൃതര്‍ക്ക് നല്‍കേണ്ടത്.നിലവിലുള്ള കരാറുകാരനെ യാതൊരു കാരണവശാലും ടെന്‍ണ്ടര്‍ നടപടികളില്‍ ഉള്‍പ്പെടുത്തുന്നതല്ലെന്നും പത്ത് ദിവസത്തിനകം പുതിയ ടെന്‍ണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുമെന്നും അതുവരെ ജില്ലാ ജയിലില്‍ നിന്നും ഭക്ഷണം കൊണ്ട് വന്ന് വിതരണം ചെയ്യുന്ന നടപടി തുടരുമെന്നും സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷന്‍ ഡയരക്ടര്‍ ഡോ: മുഹമ്മദ് അഷീല്‍ പറഞ്ഞു.