ജിദ്ദ: മക്ക-മദീന അതിവേഗ പാതയില്‍ മൂന്നംഗ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു. തൃശൂര്‍ വെള്ളികുളങ്ങര സ്വദേശികളായ കറുപ്പന്‍വീട്ടില്‍ അഷ്‌റഫ്, ഭാര്യ റസിയ, മകള്‍ ഹഫ്‌സാന എന്നിവരാണ് മരിച്ചത്. ഇവരുടെ രണ്ട് മക്കള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ദമ്മാമിനല്‍ നിന്ന് മദീനയിലേക്ക് പോകുന്നതിനിടെ ഖുലൈസ് എന്ന സ്ഥലത്തുവെച്ചായിരുന്നു ശനിയാഴ്ച വൈകുന്നേരം നാലു മണിയോടെ അപകടം.

ദമ്മാമില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന അഷ്‌റഫിന്റെ ഭാര്യയും മക്കളും സന്ദര്‍ശക വീസയില്‍ എത്തിയതായിരുന്നു. ഉംറ നിര്‍വഹിച്ച ശേഷം ഹറം പള്ളിയില്‍ പെരുന്നാള്‍ നിസ്‌കാരവും കഴിഞ്ഞ ശേഷം പ്രവാചക നഗരിയിലേക്ക് സന്ദര്‍ശനത്തിനായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്.