ന്യൂഡല്‍ഹി: പുതുതായി രൂപീകരിച്ച ജി.എസ്.ടി കൗണ്‍സിലിന്റെ സൂപ്രണ്ട് സ്വകാര്യ കമ്പനികളില്‍നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ അറസ്റ്റില്‍. ജി.എസ്.ടി കൗണ്‍സില്‍ സൂപ്രണ്ടും റവന്യു വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനുമായ മോനിഷ് മല്‍ഹോത്ര, ഇടനിലക്കാരനായി പ്രവര്‍ത്തിച്ച നികുതി കണ്‍സള്‍ട്ടന്റ് മനാസ് പത്ര എന്നിവരെയാണ് സി.ബി.ഐ അറസ്റ്റു ചെയ്തത്. തട്ടിപ്പു സംബന്ധിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മനാസ് പത്ര നിരവധി സ്വകാര്യ സംരംഭകരില്‍നിന്ന് പണം വാങ്ങിയ ശേഷം മോനിഷ് മല്‍ഹോത്രക്ക് കൈമാറിയതായാണ് സി.ബി.ഐ കണ്ടെത്തല്‍. എന്തിനു വേണ്ടിയാണ് കൈക്കൂലി കൈപറ്റിയത് എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് സി.ബി.ഐ വൃത്തങ്ങള്‍ പറഞ്ഞു.