X

ഉന്നാവോ കേസ്: ബി.ജെ.പി എം.എല്‍.എക്കെതിരെ കൊലപാതക കുറ്റം ചുമത്താതെ സി.ബി.ഐ കുറ്റപത്രം

ലഖ്‌നൗ: ഉന്നാവോ വാഹനാപകടക്കേസില്‍ ലഖ്‌നൗ പ്രത്യേക കോടതിയില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെനഗര്‍ അടക്കമുള്ളവര്‍ക്കെതിരെ കൊലപാതക കുറ്റമില്ല. ക്രിമിനല്‍ ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളാണ് എം.എല്‍.എക്കെതിരെ ചുമത്തിയിരിക്കുന്നത്. മരണത്തിനിടയാക്കിയ അശ്രദ്ധ അടക്കമുള്ള വകുപ്പുകളാണ് ട്രക്ക് ഡ്രൈവര്‍ ആശിഷ് കുമാര്‍ പാലിനെതിരെ ചുമത്തിയിട്ടുള്ളത്.
ജൂലൈ 28നാണ് ഉന്നാവോ പീഡനക്കേസിലെ പരാതിക്കാരിയും ബന്ധുക്കളും അഭിഭാഷകനും സഞ്ചരിച്ചിരുന്ന കാര്‍ ദുരൂഹ സാഹചര്യത്തില്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ രണ്ടു പേര്‍ മരിക്കുകയും പരാതിക്കാരിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പീഡനക്കേസില്‍ പ്രതിയായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെനഗര്‍ ആസൂത്രിതമായി നടത്തിയ അപകടമാണിതെന്നായിരുന്നു ആരോപണം. കുല്‍ദീപ് സെനഗര്‍ അടക്കം 10 പേര്‍ക്കെതിരെ കൊലപാതകം, ഗൂഡാലോചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ കാര്‍ അപകടം അശ്രദ്ധ മൂലമാണെന്നാണ് സി.ബി.ഐ കുറ്റപത്രം നല്‍കിയിരിക്കുന്നത്. സുപ്രീംകോടതി നിര്‍ദേശ പ്രകാരമാണ് സി.ബി.ഐ അതിവേഗം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. 2017 ജൂണിലാണ് ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കുല്‍ദീപ് സെനഗര്‍ പീഡനത്തിനിരയാക്കിയത്.

chandrika: