മുന്‍നിര താരങ്ങളുടെ അഭാവത്തില്‍ ഇന്ത്യയുടെ തേരോട്ടം കണ്ട ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് സമാപനം. അവസാന ദിനം മികച്ച പ്രകടനം ആവര്‍ത്തിച്ചാല്‍ ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യക്ക്് വന്‍കരയുടെ ട്രാക്ക് ആന്റ് ഫീല്‍ഡ് ശക്തികളായി കിരീടമുയര്‍ത്താം. ഒരോ വീതം സ്വര്‍ണവും വെള്ളിയും മൂന്നു വെങ്കലവുമടക്കം അഞ്ചു മെഡലുകള്‍ കൂടി ഇന്നലെ നേടിയ ഇന്ത്യ ആകെ മെഡല്‍ നേട്ടം ഇരുപതാക്കി ഉയര്‍ത്തി. അക്കൗണ്ടില്‍ ആകെ ഏഴു സ്വര്‍ണവും നാലു വെള്ളിയും ഒമ്പത് വെങ്കലവും. രണ്ടാം സ്ഥാനത്തുള്ള നിലവിലെ ചാമ്പ്യന്‍മാരായ ചൈനയുടെ സമ്പാദ്യം നാലു സ്വര്‍ണമടക്കം 13 മെഡലുകള്‍. നാലു സ്വര്‍ണവുമായി ഇറാനാണ് മൂന്നാം സ്ഥാനത്ത്. ഇന്നലെ ഇന്ത്യക്കായി 3000 മീറ്റര്‍ സ്്റ്റീപ്ള്‍ ചേസില്‍ സുധ സിങ് സ്വര്‍ണം നേടി. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വനിത വിഭാഗത്തില്‍ അനു രാഘവന്‍ വെള്ളിയും പുരുഷ വി‘ാഗത്തില്‍ എം.പി ജാബിര്‍ വെങ്കലവും നേടി. ട്രിപ്പിള്‍ ജമ്പില്‍ മറ്റൊരു മലയാളി താരം എന്‍.വി ഷീനയും സ്പ്രിന്റ് റിലേയില്‍ വനിത ടീമും വെങ്കലമണിഞ്ഞു. ഇന്ന് 13 ഇനങ്ങളിലാണ് ഫൈനല്‍. വനിതകളുടെ 800 മീറ്ററില്‍ മത്സരിക്കുന്ന മലയാളി താരം ടിന്റു ലുക്കയും പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ മത്സരിക്കുന്ന ലോക ജൂനിയര്‍ റെക്കോഡുകാരന്‍ നീരജ് ചോപ്രയുമാണ് അവസാന ദിനത്തിലെ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷകള്‍. ഹെപ്റ്റാത്ത്്‌ലണിലും 4-400 റിലേയിലും ഇന്ത്യ ഇന്ന് മെഡല്‍ പ്രതീക്ഷിക്കുന്നു.