ഷാര്‍ജ: വനിതാ ടി20 ചലഞ്ച് ഫൈനല്‍ മത്സരത്തിനിടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച തകര്‍പ്പന്‍ സേവുമായി ട്രെയില്‍ബ്ലെയ്‌സേഴ്‌സിന്റെ തായ്‌ലന്‍ഡ് താരം നട്ടകന്‍ ചന്തം. സൂപ്പര്‍നോവാസും ട്രെയില്‍ബ്ലെയ്‌സേഴ്‌സും തമ്മില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ സൂപ്പര്‍നോവാസ് ഇന്നിങ്‌സിന്റെ രണ്ടാം ഓവറിലായിരുന്നു ചന്തത്തിന്റെ തകര്‍പ്പന്‍ സേവ്.

ട്രെയില്‍ബ്ലെയ്‌സേഴ്‌സിന്റെ സോഫി എക്ലെസ്‌റ്റോണ്‍ എറിഞ്ഞ രണ്ടാം ഓവറിന്റെ ആദ്യ പന്തിലായിരുന്നു സംഭവം. എക്ലെസ്‌റ്റോണിന്റെ പന്ത് സൂപ്പര്‍നോവാസ് താരം ജെമിമ റോഡ്രിഗസ് തേര്‍ഡ്മാന്‍ ബൗണ്ടറിയിലേക്ക് തട്ടിയിട്ടു. എല്ലാവരും ബൗണ്ടറി എന്നുറപ്പിച്ച ഘട്ടത്തില്‍ ഓടിയെത്തിയ നട്ടകന്‍ ചന്തം പന്തിന് മുന്നിലേക്ക് ഉയര്‍ന്നുചാടി ബൗണ്ടറി സേവ് ചെയ്യുകയായിരുന്നു. താരത്തിന്റെ തകര്‍പ്പന്‍ സേവ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മത്സരത്തില്‍ ട്രെയില്‍ബ്ലെയ്‌സേഴ്‌സ് 16 റണ്‍സിന് സൂപ്പര്‍നോവാസിന് പരാജയപ്പെടുത്തി.