ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ഋതു ജയന് മാനസിക പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് കുറ്റപത്രം. വിനിഷയുടെ കുടുംബത്തോടുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
കൊലപാതകം നടത്തിയതിനു ശേഷം പക തീര്‍ത്തുവെന്ന് പ്രതി പറഞ്ഞതായി സാക്ഷിമൊഴിയുണ്ട്. അതേസമയം പ്രതി ലഹരിക്ക് അടിമയാണെങ്കിലും കൃത്യം നടത്താന്‍ കാരണം ലഹരിയല്ലെന്നാണ് കണ്ടെത്തല്‍. നൂറിലധികം സാക്ഷികളും അന്‍പതോളം അനുബന്ധ തെളിവുകളും ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം തയാറാക്കിയത്.
ജനുവരി 15നാണ് എറണാകുളം ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ അയല്‍വാസിയായ പ്രതി ഋതു ജയന്‍ അടിച്ചു കൊലപ്പെടുത്തിയത്. കാട്ടിപ്പറമ്പില്‍ വേണു, ഭാര്യ ഉഷ, മകള്‍ വിനിഷ എന്നിവരാണ് മരിച്ചത്.
അതേസമയം ഗുരുതരമായി പരിക്കേറ്റ വിനിഷയുടെ ഭര്‍ത്താവ് ജിതിന്‍ ബോസ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്. കുട്ടികളുടെ കണ്‍മുന്നില്‍ വെച്ചായിരുന്നു കൊലപാതകം.
ജിതിനെയും വിനിഷയെയും ലക്ഷ്യം വെച്ചാണ് പ്രതി വീട്ടിലെത്തിയതെന്നും എന്നാല്‍ ജിതിന്‍ മരിക്കാത്തതില്‍ പ്രയാസമുണ്ടെന്നും പ്രതി തെളിവെടുപ്പ് സമയത്ത് പറഞ്ഞിരുന്നു. അഞ്ച് കേസുകളില്‍ പ്രതിയാണ് ഇയാള്‍.
