വാഹനത്തിന് മുകളിലേക്ക് റോഡരികിലെ ഫ്‌ലക്‌സ് വീണ് അപകടത്തില്‍പെട്ട യുവതി മരിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സംഭവത്തില്‍ തമിഴ്‌നാട് സര്‍ക്കാരിനെ വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി രംഗത്തെത്തിയിരുന്നു. അനധികൃത ഫ്‌ലക്‌സ് ബോര്‍ഡുകള്‍ക്കെതിരെ ഉത്തരവ് നടപ്പിലാക്കി മടുത്തുവെന്നും സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നും കോടതി പറഞ്ഞു. അപകടത്തിന് കാരണം ബ്യൂറോക്രാറ്റുകളുടെ ഉദാസീനതയാണെന്നും ഈ രാജ്യത്ത് ജീവിക്കുന്നതില്‍ പൗരന്മാര്‍ക്ക് യാതൊരു പരിഗണയും ലഭിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

സംഭവത്തില്‍ സ്വമേധയാ കേസെടുത്ത കോടതി പോലീസിനോടും കോര്‍പറേഷന്‍ അധികൃതരോടും നേരിട്ട് ഹാജരാകാന്‍ ഉത്തരവിട്ടിരുന്നു. ചെന്നൈയില്‍ റോഡരികില്‍ അനധികൃത ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് കുറ്റകരമാണ്. ചെന്നൈ സ്വദേശിയും എഞ്ചിനീയറുമായ ശുഭാശ്രീ രവി(23)യാണ് അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നത്. ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ മടങ്ങവേ ഡിവൈഡറില്‍ സ്ഥാപിച്ചിരുന്ന അണ്ണാ ഡിഎംകെ നേതാവിന്റെ മകന്റെ വിവാഹ പരസ്യം പതിച്ച ബോര്‍ഡ് മറിഞ്ഞു വീഴുകയായിരുന്നു. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ പിനന്നാലെ വന്ന ടാങ്കര്‍ ലോറിക്കടിയില്‍ പെടുകയായിരുന്നു. യുവതിയെ ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.