ഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ സൂപ്പര്‍ സണ്‍ഡേ പോരാട്ടത്തില്‍, മാനം കാക്കാനുള്ള പോരാട്ടത്തിനിറങ്ങിയ ആതിഥേയരായ ഡല്‍ഹിയും സന്ദര്‍ശകരായ ചെന്നൈയിന്‍ എഫ്.സിയും ഓരോ ഗോള്‍ വീതം അടിച്ചു സമനിലയില്‍ പിരിഞ്ഞു. ചെന്നൈയില്‍ നടന്ന ആദ്യ പാദ മത്സരത്തിലും രണ്ടു ടീമുകളും രണ്ട് ഗോള്‍ വീതം അടിച്ചു സമനിലയില്‍ പിരിയുകയായിരുന്നു. ചെന്നൈയുടെ സമനില കേരളാ ബ്ലാസ്റ്റേഴ്‌സിന് നേരിയ സഹായമാണ്.

14 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ ചെന്നൈക്കിപ്പോള്‍ 24 പോയന്റാണുള്ളത്. 15 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്‌റ്റേഴ്‌സിന് 21 ഉം. ചെന്നൈ നാലിലും ബ്ലാസ്‌റ്റേഴ്‌സ് അഞ്ചിലും നില്‍ക്കുന്നു. ചെന്നൈ ജയിച്ചിരുന്നെങ്കില്‍ അവര്‍ ബഹുദൂരം മുന്നില്‍ കയറുമായിരുന്നു. ഗോള്‍ രഹിതമായ ആദ്യ പകുതിക്കുശേഷം പെനാല്‍ട്ടി മുതലാക്കി കാലൂ ഉച്ചെയിലൂടെ ഡല്‍ഹി ആദ്യ ഗോള്‍ നേടി. തിരിച്ചുവന്ന ചെന്നൈയിന്‍ എഫ്.സി. മെയില്‍സണ്‍ ആല്‍വസിലൂടെ സമനില ഗോള്‍ നേടിയെടുത്തു. സമനിലയോടെ ചെന്നൈയിന്‍ തങ്ങളുടെ നാലാം സ്ഥാനം മെച്ചപ്പെടുത്തി. 14 മത്സരങ്ങളില്‍ നിന്ന് ചെന്നൈയിനു 24 പോയിന്റ് ലഭിച്ചിട്ടുണ്ട്് .പ്ലേ ഓഫില്‍ നിന്നും പുറത്തായ ഡല്‍ഹി വീണ്ടും അവസാന സ്ഥാനത്തു തുടരുന്നു. ചെന്നൈയുടെ സമനില ഗോള്‍ നേടിയ ബ്രസീല്‍ താരം മെയ്ല്‍സ്ണ്‍ ആല്‍വസ് ആണ് ഹീറോ ഓഫ് ദി മാച്ച്.

ഡല്‍ഹി ഇന്നലെ മൂന്നു മാറ്റങ്ങള്‍ വരുത്തിയാണ് ഇറങ്ങിയത്. പരുക്കേറ്റ പ്രീതം കോട്ടാലിനു പകരം റൈറ്റ് ബാക്ക് പൊസിഷനില്‍ ജയാനന്ദയെ ഇറക്കി. പ്രതീക് ചൗധരിക്കു പകരം മുഹമ്മദ് ദോത്തും സെയ്ത്യാസെന്‍ സിംഗിനു പകരം വിനീത് റായിയും എത്തി. ചെന്നൈയിന്‍ സെറീനോയ്ക്കു പകരം ജെയ്മി ഗാവിലാനെയും അനുരുദ്ധ് ഥാപ്പക്കു പകരം കീനാന്‍ ആല്‍മേയ്ഡയെയും കൊണ്ടുവന്നു. കളിയുടെ ആദ്യ മിനിറ്റുകളില്‍ രണ്ടു ടീമുകളും മിഡ്്ഫീല്‍ഡില്‍ ആധിപത്യം നേടാനുള്ള ശ്രമത്തിലായി.

ചാങ്‌തെ, കാലു ഉച്ചെ, റോമിയോ എന്നിവര്‍ ചെന്നൈയിന്‍ ഗോള്‍ മുഖത്തു ആദ്യ മിനിറ്റുകളില്‍ ആക്രമണത്തിനു തുടക്കം കുറിച്ചു. എന്നാല്‍ മറുവശത്ത് ചെന്നൈയിന്‍ ബോള്‍ പൊസിഷനില്‍ ഊന്നിയാണ് കളിച്ചത്.ഏഴാം മിനിറ്റില്‍ ഡല്‍ഹി ആദ്യ അവസരം സൃഷ്ടിച്ചു. മത്യാസ് മിരാബാജെയുടെ പാസില്‍ പൗളീ്‌ഞ്ഞ്യോയുടെ ഇടംകാലന്‍ അടി കഷ്ടിച്ചാണ് ചെന്നൈയിന്‍ ഗോള്‍ മുഖത്ത് എത്താതെ പോസ്റ്റിനരികിലൂടെ ഗതമാറി പോയത്. 16ാം മിനിറ്റില്‍ ഡല്‍ഹി അത്ഭുകരമായി രേു സെല്‍ഫ് ഗോളില്‍ നിന്നും രക്ഷപ്പെട്ടു.ഇടത്തെ വിംഗില്‍ നിന്നും ഗോള്‍ മുഖത്തേക്കു വന്ന ക്രോസില്‍ പന്ത് ഹെഡ്ഡ് ചെയ്തു അകറ്റാനുള്ള മുണ്‍മുണിന്റെ ഹെഡ്ഡര്‍ പോയത് സ്വന്തം ഗോള്‍ വലയത്തിലേക്ക് . സമയോചിതമായി ഇടപെട്ട ഡല്‍ഹിയുടെ സ്പാനീഷ് ഗോളി സാബിയര്‍ ഡൈവ് ചെയ്തു പന്ത് തട്ടിയകറ്റി.