തിരുവനന്തപുരം: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്‍.ഡി.എഫ് സര്‍ക്കാരിനെ താഴെയിടാനുളള ശക്തി കേരളത്തില്‍ ബി.ജെ.പിക്ക് ഇല്ലെന്ന് ചെന്നിത്തല പറഞ്ഞു.

എല്‍.ഡി.എഫ് സര്‍ക്കാരിനെ അവസരം കിട്ടിയാല്‍ ജനങ്ങള്‍ തന്നെ പിരിച്ചുവിട്ടോളും. അമിത് ഷാ അത് ചെയ്യേണ്ട കാര്യമില്ലെന്ന് ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ വിഭാഗീയത ഉണ്ടാക്കാനാണ് ബിജെപിയുടെ ശ്രമം. അമിത് ഷാ കലാപത്തിന് ആഹ്വാനം ചെയ്യുകയാണ്. അമിത് ഷാക്ക് കേരളത്തിലെ ജനങ്ങളെ ഇതുവരെ മനസ്സിലായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

മോദിയും പിണറായിയും കൂടി വര്‍ഗ്ഗീയതയുടെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ്. കേരളത്തിനെ ജാതീയമായി വേര്‍തിരിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു. ബിജെപിയും സിപിഎമ്മും ചേര്‍ന്ന് ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ്. ഇത് അവസാനിപ്പിക്കാന്‍ മുന്‍കൈയ്യെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. പക്ഷേ സ്ഥിതിഗതികള്‍ വഷളാക്കുകയാണ് മുഖ്യമന്ത്രിയും സര്‍ക്കാരും. ബിജെപിക്ക് നേട്ടം ഉണ്ടാക്കിക്കൊടുക്കാന്‍ സിപിഎം ശ്രമിക്കുകയാണ്. ആ ശ്രമം നടക്കില്ല. ജാതിയും മതവും പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കാനുളള നീക്കങ്ങളെ യുഡിഎഫ് തടയും. ഭക്തര്‍ക്കൊപ്പമാണ് യുഡിഎഫെന്നും ചെന്നിത്തല പറഞ്ഞു.