കണ്ണൂര്‍: ജോസ് കെ മാണിയുടെ വിവാദ ലൗ ജിഹാദ് പരാമര്‍ശത്തെ കുറിച്ച് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അങ്ങനെ പറഞ്ഞത് താന്‍ കേട്ടിട്ടില്ലെന്നും അക്കാര്യത്തെ കുറിച്ച് ജോസ് കെ മാണിയോടു തന്നെ ചോദിക്കണമെന്നും അദ്ദേഹം കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സംസ്ഥാനം ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത് ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമല്ലേ എന്ന ചോദ്യത്തിന് അങ്ങനെ അല്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഒരു കേന്ദ്ര ഏജന്‍സി പ്രവര്‍ത്തിക്കേണ്ടത് നിയമപ്രകാരമാണ്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ഏജന്‍സിയിലെ ഉദ്യോഗസ്ഥര്‍ക്ക് അവകാശമില്ല. ചില ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായി ഇവിടെ പ്രവര്‍ത്തിച്ചിരിക്കുന്നു. ഇതിന്റെ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വര്‍ഗീയത ഇളക്കിവിടാനുള്ള ജോസ് കെ. മാണിയുടെ നീക്കത്തെ പിന്തുണക്കുന്ന തരത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ലൗ ജിഹാദ് സംബന്ധിച്ച ആശങ്കകള്‍ ദൂരീകരിക്കണം എന്നായിരുന്നു ജോസ് കെ മാണി കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ ലൗ ജിഹാദ് ഇല്ല എന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ പറഞ്ഞിട്ടും അത് ഉയര്‍ത്തിക്കൊണ്ടുവന്ന നേട്ടമുണ്ടാക്കാനുള്ള ശ്രമത്തെ തള്ളിപ്പറയാന്‍ മുഖ്യമന്ത്രി തയ്യാറാവാത്തത് അദ്ദേഹത്തിന്റെ അനുമതിയോടെയാണ് ജോസ് കെ മാണിയുടെ പ്രസ്താവന എന്ന് തെളിയിക്കുന്നതാണ്.