ഡല്‍ഹി: അരുണാചല്‍ പ്രദേശിലെ അതിര്‍ത്തിയില്‍ നിന്ന് അഞ്ച് ഇന്ത്യക്കാരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയെന്ന് റിപ്പോര്‍ട്ടുകള്‍. അരുണാചല്‍ പ്രദേശിലെ അപ്പര്‍ സുബാസിരി ജില്ലയിലാണ് സംഭവം. ഇന്ത്യക്കാരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയതായി കോണ്‍ഗ്രസ് എംഎല്‍എ നിനോങ് എറിങ് ആണ് വെളിപ്പെടുത്തിയത്.

ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയെന്ന ഫെയ്‌സ്ബുക്ക് പോസ്റ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതം ഇദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ സമാനമായ സംഭവം ഉണ്ടായിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് എംഎല്‍എ പറയുന്നത്. അന്ന് 21 വയസുള്ള ഒരാളെ ഇത്തരത്തില്‍ തട്ടിക്കൊണ്ടുപോയിരുന്നുവെന്നും അദ്ദേഹം പറയുന്നു.

 

നാലുമാസത്തിലേറെയായി ലഡാക്കില്‍ ഇന്ത്യ ചൈന സംഘര്‍ഷം തുടരുന്നതിനിടെയാണ് അരുണാചല്‍ പ്രദേശില്‍ ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയ വിവരം പുറത്തുവരുന്നത്. നാചോ വനമേഖലയില്‍ താമസിക്കുന്ന ടാഗിന്‍ ഗോത്രവിഭാഗത്തില്‍ പെട്ട അഞ്ച് യുവാക്കളെയാണ് തട്ടിക്കൊണ്ടുപോയതായി പറയുന്നത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം ഉണ്ടായതെന്നാണ് വിവരങ്ങള്‍.