ന്യൂഡല്‍ഹി: ചൈനീസ് പട്ടാളം സിക്കിമിലെ ഇന്ത്യന്‍ അതിര്‍ത്തി കടന്ന് രണ്ട് താല്‍ക്കാലിക ബങ്കറുകള്‍ തകര്‍ത്തതായി സൈന്യം. നിയന്ത്രണ രേഖയില്‍ സൈനികര്‍ മനുഷ്യച്ചങ്ങല തീര്‍ത്ത് വളരെ ബുദ്ധിമുട്ടിയാണ് ചൈനീസ് സൈന്യത്തിന്റെ മുന്നേറ്റം തടഞ്ഞതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ഒറ്റപ്പെട്ട മേഖലയില്‍ ചൈനയുടെ അധിനിവേശ ശ്രമം പത്തു ദിവത്തോളം തുടര്‍ന്നു. ജൂണ്‍ 20-ന് ഇരു സൈന്യങ്ങളുടെയും മുതിര്‍ന്ന ഓഫീസര്‍മാര്‍ തമ്മില്‍ ചര്‍ച്ച നടത്തിയെങ്കിലും സ്ഥിതിഗതികള്‍ പൂര്‍ണമായി പൂര്‍വ സ്ഥിതിയിലായിട്ടില്ല.

സിക്കിം – ഭൂട്ടാന്‍ – തിബറ്റ് അതിര്‍ത്തിയായ ദോകോ ലായിലാണ് ചൈനീസ് സൈന്യത്തിന്റെ അതിക്രമം. 2008-ലും ചൈനക്കാര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ബങ്കറുകള്‍ തകര്‍ത്തിരുന്നു.

ഇന്ത്യയില്‍ നിന്ന് കൈലാഷ് – മാനസരോവര്‍ യാത്രക്കു പുറപ്പെട്ട തീര്‍ത്ഥാടകരെ സിക്കിം അതിര്‍ത്തി കടന്ന് ടിബറ്റിലെ കൈലാഷ് പര്‍വതത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ചൈനീസ് സൈന്യം തടഞ്ഞിരുന്നു. 2015-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് കൈലാഷ് സന്ദര്‍ശനത്തിന് തടസ്സം സൃഷ്ടിക്കില്ലെന്ന് ചൈനീസ് സൈന്യം അറിയിച്ചിരുന്നെങ്കിലും ഇത്തവണ പ്രകോപനമില്ലാതെ ഇടപെടുകയായിരുന്നു. ഹിന്ദു, ജൈന, ബുദ്ധമതക്കാരുടെ തീര്‍ത്ഥാടന കേന്ദ്രമാണ് കൈലാഷ് – മാനസരോവര്‍. ഒരാഴ്ചയോളം അതിര്‍ത്തിയില്‍ ചൈനീസ് സൈന്യത്തിന്റെ അനുമതി കാത്തുനിന്ന തീര്‍ത്ഥാടകര്‍ പിന്നീട് സിക്കിം തലസ്ഥാനമായ ഗാങ്‌ടോക്കിലേക്ക് മടങ്ങി.

മണ്ണിടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് തീര്‍ത്ഥാടകരെ കടത്തി വിടാത്തത് എന്നാണ് ചൈനീസ് അധികൃതര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യം സംബന്ധിച്ച് ഇരു സൈന്യങ്ങളുടെയും പ്രതിനിധികള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നാണ് സൂചന.