ഇംഫാല്‍: ആസാമില്‍ തീവ്രവാദികളും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടു. രണ്ട് സുരക്ഷാ സൈനികര്‍ക്ക് പരിക്ക്. മണിപ്പൂര് അതിര്‍ത്തിയില്‍ ചാന്ദല്‍ ജില്ലയിലായിരുന്നു ഏറ്റുമുട്ടല്‍.
ഇന്നലെ പുലര്‍ച്ചെ അഞ്ചിനാണ് സംഭവം. സജിക് തമ്പാക്ക് എന്ന പ്രദേശത്തു വച്ചായിരുന്നു ഏറ്റുമുട്ടല്‍. സൈന്യം നടത്തിയ തിരച്ചിലില്‍ തീവ്രവാദി വെടിയുതിര്‍ക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ടു നിന്ന ആക്രമണത്തില്‍ തീവ്രവാദി കൊല്ലപ്പെട്ടു. രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണം ആരംഭിച്ചപ്പോഴേക്കും സൈന്യത്തിന്റെ മറ്റൊരു സേനയെ പ്രദേശത്തേക്ക് അയച്ചതായി ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എകെ 47 തോക്കുകളും രണ്ട് ഉഗ്ര സ്‌ഫോടക വസ്തുക്കളും സുരക്ഷാ സൈന്യം പിടിച്ചെടുത്തു.
തിങ്കളാഴ്ച നടന്ന മറ്റൊരു ആക്രമണത്തില്‍ രണ്ട് അസം റൈഫിള്‍സ് സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. ആറ് തീവ്രവാദികള്‍ക്കും പരിക്കേറ്റു. ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കള്‍ തീവ്രവാദികള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മാന്‍ മാണി ഗ്രാമത്തില്‍ സുരക്ഷ ശക്തമാക്കി. തിങ്കളാഴ്ച നടത്തിയ ആക്രമത്തിന്റെ ഉത്തരവാദിത്വം നിരോധിത സംഘടനയായ റവലൂഷണറി പീപ്പിള്‍സ് ഫ്രണ്ട് ഏറ്റെടുത്തു.