X

കഴുത്തുവേദനയുണ്ട്; രണ്ടാഴ്ച സാവകാശം വേണം- ഇഡിക്ക് സിഎം രവീന്ദ്രന്റെ കത്ത്

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് സാവകാശം ചോദിച്ച് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍. ചോദ്യംചെയ്യലിനു ഹാജരാകാന്‍ രണ്ടാഴ്ച സാവകാശം വേണമെന്നാവശ്യപ്പെട്ട് രവീന്ദ്രന്‍ അഭിഭാഷകന്‍ മുഖേന ഇഡിക്ക് കത്തയച്ചു. കോവിഡാനന്തര അസുഖങ്ങളാണ് കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

കടുത്ത ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടെന്നും ചികിത്സയിലാണെന്നും കത്തില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നു. ശക്തമായ കഴുത്തുവേദനയും തലവേദനയും അനുഭവപ്പെടുന്നുണ്ട്. അസുഖങ്ങള്‍ ഉണ്ടെന്ന മെഡിക്കല്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടും ഇ-മെയില്‍ സന്ദേശത്തിനൊപ്പം നല്‍കിയിട്ടുണ്ട്.

നോട്ടീസ് കിട്ടിയിട്ടും മൂന്നാം തവണയാണ് സി.എം. രവീന്ദ്രന്‍ ഇഡിക്ക് മുമ്പില്‍ ഹാജരാകാതിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ 11 മണിക്ക് കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയക്ടറേറ്റ് സോണല്‍ ഓഫീസില്‍ ഹാജരാകണമെന്നായിരുന്നു നേരത്തെ ഇ.ഡി നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്. നോട്ടീസ് കിട്ടിയതിനു ശേഷമാണ് ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി രവീന്ദ്രന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി പ്രവേശിച്ചത്. ചോദ്യങ്ങളോട് സഹകരിക്കാതിരിക്കാനാണ് രവീന്ദ്രന്റെ ശ്രമം എന്നാണ് ഇഡി കരുതുന്നത്.

 

Test User: