ക്രിസ്റ്റ്യാനോ റൊണോള്‍ഡോക്കു പിന്നാലെ കൊക്കൊകോളയുടെ കുപ്പികള്‍ എടുത്തു മാറ്റി ഇറ്റാലിയന്‍ സൂപ്പര്‍ താരം മാനുവല്‍ ലോക്കടെല്ലിയും. സ്വിറ്റ്‌സര്‍ലന്റിനെതിരായ മത്സരം വിജയിച്ചതിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് താരം കുപ്പികള്‍ എടുത്തു മാറ്റിയത്. പകരം മേശയില്‍ തന്റെയടുത്ത് വെള്ളക്കുപ്പി കൊണ്ടു വന്നു വച്ചു. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.

അതേസമയം സ്വിറ്റസര്‍ലന്റിനെതിരായ മത്സരത്തില്‍ മൂന്ന് ഗോളുകള്‍ക്ക് ഇറ്റലി ജയിച്ചു. രണ്ടു ഗോളുകളും മാനുവല്‍ ലോക്കടെല്ലിയുടെ വകയായിരുന്നു.

ക്രിസ്റ്റിയാനോ റൊണോള്‍ഡോയാണ് വാര്‍ത്താ സമ്മേളനത്തിനിടെ ആദ്യം കൊക്കൊകോള കുപ്പിയെടുത്ത് നീക്കിയത്. പകരം വെള്ളം കുടിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. പിന്നാലെ കഴിഞ്ഞ ദിവസം ജര്‍മനിക്കെതിരായ മത്സരത്തിനു ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിനിടെ ഹെയ്‌നകന്‍ കമ്പനിയുടെ ബിയര്‍ കുപ്പി എടുത്തു മാറ്റി ഫ്രാന്‍സ് സൂപ്പര്‍ താരം പോള്‍ പോഗ്ബയും രംഗത്തെത്തി. കൊക്കൊകോളയും ഹെയ്‌നകനും യൂറോയിലെ ഔദ്യോഗിക സ്‌പോണ്‍സര്‍മാരാണ്.