ഭോപാല്‍: ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലെ നരസിംഗ്പൂര്‍ ജില്ലാ ആസ്പത്രിയില്‍ പോസ്്റ്റ്‌മോര്‍ട്ടം നടത്തിയത് ആസ്പത്രി വരാന്തയില്‍. കഴിഞ്ഞ ദിവസം ഷോക്കേറ്റ് മരിച്ച 14 കാരിയുടെ മൃതദേഹമാണ് ബന്ധുക്കളുടെ മുന്നില്‍ വെച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. മോര്‍ച്ചറിയില്‍ നാലു ദിവസം മുമ്പ് പശു ചത്തതിനെ തുടര്‍ന്നാണ് ജില്ലാ ആസ്പത്രിയിലെ ഡോക്ടര്‍ പോസ്റ്റു മോര്‍ട്ടം മോര്‍ച്ചറിക്കു പുറത്തേക്കു മാറ്റിയത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍ പാന്തിനെ തല്‍സ്ഥാനത്തു നിന്നും മാറ്റിയതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
100 ബെഡുകളുള്ള ജില്ലാ ആസ്പത്രിയില്‍ മോര്‍ച്ചറി വാതിലിനു കൊളുത്തില്ലാത്തതിനെ തുടര്‍ന്നാണ് പശു അകത്ത് കയറിയതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. പശു ചത്തതിനെ തുടര്‍ന്ന് അവശിഷ്ടം നീക്കം ചെയ്യാത്തതിനാല്‍ ദുര്‍ഗന്ധം കാരണം മോര്‍ച്ചറിയില്‍ കയറാനാവാത്ത പശ്ചാതലത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം വരാന്തയില്‍ വെച്ച് നടത്തിയതെന്നാണ് ഡോക്ടര്‍ പറയുന്നത്. എന്നാല്‍ യാതൊരു മറയുമില്ലാതെ ജനം നോക്കി നില്‍ക്കെ പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടറുടെ രീതിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മരിച്ച പെണ്‍കുട്ടിയുടെ അച്ഛന്‍ ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ട്.